കല്ലമ്പലം:വധശ്രമം,ഭവനഭേദനം,മോഷണം അടക്കം ഒട്ടേറെ കേസുകളിലെ പ്രതിയായ ഒറ്റൂർ പ്രസിഡന്റ് മുക്ക് അശ്വതി ഭവനിൽ വാള ബിജു എന്നറിയപ്പെടുന്ന ബിജു (44) വിനെ കല്ലമ്പലം പൊലീസ് പിടികൂടി. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ്.
വർക്കല ഡിവൈഎസ്പി പി.നിയാസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 19 കേസുകൾ നിലവിലുണ്ട്. ഗുണ്ടാ ആക്ട് പ്രകാരം രണ്ട് തവണ കരുതൽ തടങ്കലിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2013ൽ കല്ലമ്പലം ജംക്‌ഷനിൽ നിന്ന് എടിഎം മെഷീൻ കാറിൽ കെട്ടി വലിച്ച് മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്. ക്വട്ടേഷൻ ഏറ്റെടുത്ത് പണത്തിനായി എന്ത് കുറ്റകൃത്യവും ചെയ്യാൻ മടിക്കാത്ത കൊടും ക്രിമിനലാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.കൊല്ലം കടയ്ക്കൽ സ്റ്റേഷൻ പരിധിയിലെ ചിതറയിൽ വീട് ആക്രമിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും കടയ്ക്കൽ ഗോവിന്ദപുരത്ത് വഴിയിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ച് കടന്നുകളയുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. മോഷ്ടിച്ച ബസ് പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി കല്ലമ്പലത്തിന് സമീപം ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞിരുന്നു.