മമ്മൂട്ടിയുടെ നെഞ്ചില്‍ തല ചായ്ക്കണം, സ്വര്‍ഗത്തില്‍ പോയ പോലുണ്ടാകുമത്’: ശോഭ ഡേ

ഓരോ വര്‍ഷം കഴിയുന്തോറും സ്വയം പുതുക്കലുമായി സിനിമ ചെയ്യുന്ന മമ്മൂട്ടിക്ക്, പ്രായഭേദമെന്യെ നിരവധി ആരാധകരാണുള്ളത്. മമ്മൂട്ടിയോടുള്ള ജനങ്ങളുടെ ആരാധന പ്രകടമാകുന്ന നിരവധി വാര്‍ത്തകളും വീ‍ഡിയോകളും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച്‌ ‘ക’ ഫെസ്റ്റില്‍ എഴുത്തുകാരി ശോഭാ ഡേ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഒരിക്കല്‍ കൂടി ജീവിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ മമ്മൂട്ടി ആകാനാണ് ഇഷ്ടമെന്ന് ശോഭാ ഡേ പറഞ്ഞു. അത്രയ്ക്ക് മാത്രം ആരാധന മമ്മൂട്ടിയോട് ഉണ്ടെന്നും അവര്‍ പറയുന്നു. പഴയ സിനിമകളിലാണ് താന്‍ മമ്മൂട്ടിയെ കണ്ടതെന്നും അന്നുതന്നെ അദ്ദേഹത്തെ വളരെ ഇഷ്ടമായെന്നും ശോഭ പറഞ്ഞു. 

ശോഭ ഡേയുടെ വാക്കുകൾ:

കുറച്ച്‌ പഴയ സിനിമയിലാണ് ഞാന്‍ മമ്മൂട്ടിയെ കണ്ടത്. അന്നുതന്നെ അദ്ദേഹത്തോട് വളരെയേറെ ഇഷ്ടം തോന്നി. എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടുകാണുമോ എന്ന് ഞാന്‍ എന്റെ ഭര്‍ത്താവിനോടു ചോദിച്ചിട്ടുണ്ട്. നിങ്ങളെന്നെ തെറ്റിദ്ധരിച്ചാലും പ്രശ്നമില്ല, ബോളിവുഡിലോ ഹോളിവുഡിലോ ഒരു നടനും മമ്മൂട്ടിയെ പോലെ പാറപോലുള്ള വിരിഞ്ഞ നെഞ്ചില്ല. പിന്നെ ആ ശബ്ദം. കണ്ണുകളിലെ കരുണ. മൃദുലതയും പ്രകടനങ്ങളിലെ സാമര്‍ത്ഥ്യവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. എന്നെങ്കിലും ഞങ്ങള്‍ നേരില്‍ കാണുകയാണെങ്കില്‍ അര സെക്കന്‍ഡ് നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചില്‍ തല ചായ്ക്കണം. ഒരു മൈക്രോ സെക്കന്‍ഡ് നേരമെങ്കിലും. സ്വര്‍ഗത്തില്‍ പോയ പോലുണ്ടാകുമത്. പിന്നെ ആ പുഞ്ചിരിയും.