മുന്തിയ ഇനം നായ‌്‌ക്കളെ കുറഞ്ഞ വിലയ‌്ക്ക് ജയില്‍ വകുപ്പിൽ നിന്നും,

കൊച്ചി: വളര്‍ത്തു നായ്ക്കളെ പരിപാലിക്കുന്നതിൽ നിന്നും,തടവുകാര്‍ക്ക് ആഞ്ഞൊരു കടി കിട്ടിയാലുണ്ടാകുന്ന സുരക്ഷാ വീഴ്ച ഭയന്ന് കാക്കനാട് ജില്ലാ ജയിലില്‍ മുന്തിയയിനം വളര്‍ത്തു നായ്ക്കളെ വിറ്റൊഴിവാക്കന്‍ ഒരുങ്ങി ജയില്‍വകുപ്പ്.

മൂന്നര വയസ് പ്രായമുള്ള ഡോബര്‍മാന്‍, ലാബ്രഡോര്‍ റിട്രീവര്‍, ജര്‍മന്‍ഷെപ്പേഡ് എന്നീ നായ്ക്കളെയാണ് ലേലത്തിലൂടെ വില്‍ക്കുന്നത്.

3000 രൂപയ്ക്ക് മുകളിലാണ് അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ളത്. 17വൈകിട്ട് മൂന്നിന് നടക്കുന്ന ലേലത്തില്‍ ജില്ലയില്‍ നിന്നും പുറത്തുനിന്നുമായി നിരവധി നായ്‌പ്രേമികള്‍ എത്തുമെന്നാണ് ജയില്‍വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നായ് വളര്‍ത്തലിലൂടെ ജയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വരുമാനം കണ്ടെത്താമെന്ന ലക്ഷ്യത്തോടെ 2019ലാണ് മൂന്ന് നായ്ക്കളെ അന്നത്തെ സൂപ്രണ്ട് മുന്‍കൈയെടുത്ത് ഏറ്റെടുത്തത്. വീട്ടില്‍ നായ്ക്കളെ വളര്‍ത്തിയിരുന്ന തടവുകാരെ ഇവയുടെ പരിപാലനത്തിനായി ചുമതലപ്പെടുത്തിയിരുന്നു . പുറത്ത് നിന്ന് ബ്രീഡ് ചെയ്യിപ്പിച്ച്‌ ആദ്യഘട്ടത്തില്‍ കുഞ്ഞുങ്ങളെ വിറ്റ് വരുമാനമുണ്ടാക്കിയെങ്കിലും സൂപ്രണ്ട് മാറിയതോടെ പദ്ധതി കുളമായി. സര്‍ക്കാര്‍ വകയാണ് നായ്ക്കുള്ള ഭക്ഷണം. പോഷകാഹാരം കൃത്രമായി നല്‍കാന്‍ കഴിയാത്തതും പ്രശ്നമായിട്ടുണ്ട്.

ഒരുതവണ ലേലം നടത്തിയിരുന്നെങ്കിലും ഒരാള്‍ മാത്രമേ അന്ന് എത്തിയുള്ളൂ. വില കൂടുതലാണെന്ന് പറഞ്ഞ് ഇയാള്‍ നായ്ക്കളെ വാങ്ങാതെ മടങ്ങി. തുടര്‍ന്നാണ് പുതുതായി ലേലം ക്ഷണിച്ചത്. കെന്നല്‍ ക്ലബിന്റെ രജിസ്‌ട്രേഷനും ഹെല്‍ത്ത് കാര്‍ഡുമുള്ള നായ്ക്കള്‍ക്ക് കൃത്യമായി വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് ഓഫീസ് സമയത്ത് ജില്ലാ ജയിലില്‍ നേരിട്ടെത്തി നായ്ക്കളെ പരിശോധിക്കാം. നേരിട്ട് ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ പേരില്‍ സീല്‍ഡ് കവറില്‍ ലേലത്തുക രേഖപ്പെടുത്തി വെള്ളിയാഴ്ച മൂന്ന് മണിക്ക് മുമ്പു കിട്ടുന്ന തരത്തില്‍ അയയ്ക്കാം. ലേലം ഉറപ്പിച്ചാല്‍ അപ്പോള്‍ തന്നെ നായ്ക്കളുമായി അവിടെനിന്ന് പൊയ്ക്കോളണം.