വർക്കലയിൽ നാലര വയസുകാരിയെ മർദിച്ച സംഭവം; കുട്ടിയെ അടിച്ച അമ്മൂമ്മയെ അറസ്റ്റ് ചെയ്യാതെ പൊലീസ്, നോട്ടീസ് നൽകി വിട്ടയച്ചു

തിരുവനന്തപുരം: വർക്കലയിൽ നാലര വയസുകാരിയെ മർദിച്ച സംഭവത്തില്‍ കുട്ടിയെ അടിച്ച അമ്മൂമ്മയെ അറസ്റ്റ് ചെയ്യാതെ പൊലീസ്. അമ്മൂമ്മയ്ക്ക് നോട്ടീസ് നൽകി വർക്കല പൊലീസ് വിട്ടയച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാലും മുതിർന്ന പൗരയെന്ന നിലയിലും അറസ്റ്റ് അനിവാര്യമല്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. കുട്ടിയുടെ അച്ഛനെതിരെ എടുത്ത കേസും പിൻവലിക്കും. അച്ഛൻ മർദ്ദിച്ചിട്ടില്ലെന്നാണ് കുട്ടിയുടെ മൊഴി. വാർഡ് അംഗത്തിന്റെ പരാതിയിലാണ് അച്ഛനെയും പൊലീസ് പ്രതി ചേർത്തിരുന്നത്. കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ മാതാപിതാക്കൾക്ക് കൗൺസിലിംഗ് തുടങ്ങി.
വര്‍ക്കല കല്ലുമലക്കുന്നിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിനാണ് നാലര വയസുകാരിയെ വീട്ടിൽ നിന്ന് ഇടറോഡിലേക്കുള്ള വഴിമധ്യേ കുട്ടിയുടെ അമ്മയുടെ അമ്മ വടികൊണ്ട് പൊതിരെ തല്ലിയത്. പ്ലേ സ്കൂളിൽ പോകാൻ മുത്തശ്ശിക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. പ്ലേ സ്കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതിൽ പ്രകോപിതയായാണ് മുത്തശ്ശി വടിയെടുത്ത് കുട്ടിയെ തല്ലിച്ചതച്ചത്. അടിയ്ക്കേണ്ട, പ്ലേ സ്കൂളിൽ പൊക്കോളാം എന്ന് പെൺകുട്ടി കരഞ്ഞ് പറഞ്ഞെങ്കിലും വകവച്ചില്ല. കാലിനും മുതുകിനും അടക്കം പൊതിരെ തല്ലിയെ മുത്തശ്ശിയുടെ പിടി വിടീച്ച് സ്വന്തമായാണ് കുട്ടി പ്ലേ സ്കൂളിലേക്ക് പോയത്. അയൽവാസിയായ സ്ത്രീയാണ് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയത്. ദൃശ്യങ്ങളെടുത്ത അയൽവാസി പരിചയക്കാര്‍ക്ക് കൈമാറിയതോടെ സാമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചു. നാട്ടുകാരനായ പൊതുപ്രവര്‍ത്തകന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടിലെ മൂന്ന് പെൺമക്കളിൽ ഇളയതാണ് മര്‍ദ്ദനമേറ്റ പെൺകുട്ടി.