കണ്ണൂർ• സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കർഷകൻ കുടുംബവുമായി ബന്ധപ്പെട്ടു. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് (48) വ്യാഴാഴ്ച രാവിലെ 10ന് വാട്സാപ്പിലൂടെ ഭാര്യയ്‌ക്ക് സന്ദേശം അയച്ചത്. താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. ഇതിനു പിന്നാലെ, ബിജുവിനെ ഫോണിൽ കിട്ടാതായെന്ന് സഹോദരൻ ബെന്നി പറഞ്ഞു. എന്തിനാണ് നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ല.സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കർഷകരിൽ ഒരാളാണ് ബിജു. ഇസ്രയേൽ ഹെർസ്‌ലിയയിലെ ഹോട്ടലിൽനിന്നു 17നു രാത്രിയാണ് കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തിൽ കയറിയില്ല. തുടർന്ന് അപ്രത്യക്ഷനാകുകയായിരുന്നു. കയ്യിൽ പാസ്പോർട്ട് അടങ്ങിയ ഹാൻഡ് ബാഗ് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു.വിവരം ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നു. ഇന്ത്യൻ അംബാസഡർക്കും വിവരങ്ങൾ കൈമാറി. ഇസ്രയേലിലേക്കുള്ള എയർ ടിക്കറ്റിനുള്ള പണം ബിജു കുര്യൻ നൽകിയിരുന്നുവെങ്കിലും വീസ സർക്കാരിന്റെ അഭ്യർഥനപ്രകാരമുള്ളതാണ്. ഇതിനു മേയ് 8 വരെ കാലാവധിയുണ്ട്.