മ്യൂസിയത്തില്‍ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം; ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു, കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. ലൈംഗിക അതിക്രമത്തിന് പൊലീസ് കേസെടുത്തു. മാല മോഷണം നടത്താനുള്ള ശ്രമമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും സമാനമായ സംഭവം നടന്നിരുന്നു. മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയപ്പോഴാണ് അന്ന് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ്, സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്. കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ചകേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. ഒക്ടോബര്‍ 25ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.