വെഞ്ഞാറമൂട് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റത് രാഷ്ട്രീയ ആക്രമണമല്ലെന്ന് പൊലിസ്

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ സിപിഎം ബ്രഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. വെഞ്ഞാറമൂട് ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി വയ്യേറ്റ് വാമദേവനെയാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ യുവാവ് ആക്രമിച്ചത്. രാഷ്ട്രീയ ആക്രമണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.സി.പി.എമ്മിന്റെ വെഞ്ഞാറമൂട് ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയായ വാമദേവന്‍ മാണിക്കോട് ക്ഷേത്ര ഉപദേശക സമിതിയംഗം കൂടിയാണ്. ക്ഷേത്രത്തിലെ ശിവരാത്രി മഹോല്‍സവ മുന്നൊരുക്ക യോഗങ്ങളില്‍ പങ്കെടുത്ത ശേഷം രാത്രി പത്തരയോടെ വീട്ടില്‍ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ഗേറ്റിലെത്തിയ യുവാവുമായി തര്‍ക്കമുണ്ടാവുകയും അതിനിടെ യുവാവ് വെട്ടുകത്തികൊണ്ട് കയ്യില്‍ വെട്ടുകയുമായിരുന്നു.അക്രമി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാമദേവന്‍ പൊലീസിന് നല്‍കിയ മൊഴി. ആക്രമിക്കാനുള്ള കാരണത്തിലും വ്യക്തതയില്ല. വാമദേവന്‍ വീട്ടില്‍ നിന്ന് വലിച്ചെറിഞ്ഞ മാലിന്യം റോഡില്‍ കൂടി പോയ യുവാവിന്റെ ദേഹത്ത് വീണതും അതിനെ ചൊല്ലിയുള്ള തര്‍ക്കവുമാണ് മര്‍ദനത്തിലെത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.