തിരുവനന്തപുരം: കരമനയിൽ സമീപവാസിയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൈമനം പാലറ സ്വദേശി അജേഷ് (32) ആണ് കരമന പൊലീസിൻ്റെ പിടിയിലായത്. ഫെബ്രുവരി 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. അയൽവാസിയായ രാധാമണി എന്ന സ്ത്രീയെയാണ് ഇയാൾ ആക്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു. രാധാമണിയമ്മയുടെ മകനും ആക്രമണത്തിൽ പരിക്കേറ്റു. അജേഷ് സ്ഥിരം മദ്യപാനിയും കരമന സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ആണെന്ന് പൊലീസ് പറഞ്ഞു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ കരമന സി.ഐ സുജിത്, എസ്.ഐമാരായ സന്തു വിജയൻ, ബൈജു, സി.പി.ഒമാരായ സാജൻ, ഉണ്ണികൃഷ്ണൻ, സഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.