വികസനത്തിന് മുൻപിൽ വിശ്വാസം മാറിനിൽക്കുന്നു.തോട്ടപ്പള്ളി കുരുട്ടൂർ ഭഗവതിയും യക്ഷിയമ്മയും സമ്മതിച്ചു... യക്ഷിയമ്മയുടെ ഒറ്റപ്പന മുറിച്ചു മാറ്റി...

ഒരു ദേശത്തിനാകെ സ്വന്തം പേര്‌ നല്‍കി ഉയര്‍ന്നുനിന്ന പനമരം ഇനി ഓര്‍മ്മയിലേക്ക്‌. തോട്ടപ്പള്ളി ഒറ്റപ്പനയില്‍ സ്‌ഥിതി ചെയ്യുന്ന പനമരമാണ്‌ ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയത്. തോട്ടപ്പള്ളി സ്‌പില്‍വേക്ക്‌ വടക്ക്‌ കിഴക്കു ഭാഗത്തായാണ്‌ ഒറ്റപ്പന നിലനിന്നിരുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒറ്റപ്പനയുടെ പേരിലാണ്‌ പിന്നീട്‌ ഈ സ്‌ഥലവും അറിയപ്പെട്ടു തുടങ്ങിയത്‌. 
തോട്ടപ്പള്ളി കുരുട്ടുര്‍ ഭഗവതിക്ഷേത്രത്തിലെ തോഴിയായ യക്ഷിക്ഷേത്രത്തിന്‌ മുന്നിലെ ഈ പനയിലുണ്ടെന്നാണ്‌ ഭക്‌തരുടെ വിശ്വാസം. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒറ്റപ്പന മുറിച്ചുമാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 
എന്നാല്‍ ഉത്സവം നടക്കുന്നതിനാല്‍ പന മുറിക്കുന്നത്‌ നീട്ടിവെക്കണമെന്നു കാട്ടി ക്ഷേത്രഭാരവാഹികള്‍ ജില്ലാ കലക്‌ടര്‍ക്ക്‌ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പന മുറിക്കുന്നത്‌ നീട്ടിവെച്ചത്‌. ഉത്സവകാലങ്ങളില്‍ ഒറ്റപ്പനയുടെ ചുവട്ടിലാണ്‌ ഗുരുതിയും മറ്റ്‌ പൂജകളും നടക്കുന്നത്‌. ഇനി ഈ ചടങ്ങുകള്‍ ഓര്‍മയായി മാറുകയാണ്‌. പനയിലുണ്ടായിരുന്ന യക്ഷി, ദേവി എന്നിവയെ വിശ്വാസപ്രകാരം ആവാഹിച്ച്‌ കുടിയിരുത്തി. ഈ പനയില്‍ വസിച്ചിരുന്ന പക്ഷികളോടും അനുജ്‌ഞ വാങ്ങി. റോഡു വികസനം യാഥാര്‍ഥ്യമാകുമ്ബോള്‍ പ്രസിദ്ധമായ ഈ ക്ഷേത്രത്തിന്റെ രണ്ട്‌ കൊടിമരങ്ങളും ഇല്ലാതാകും. റോഡു വികസനത്തില്‍നിന്ന്‌ ക്ഷേത്രത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ഭരണസമിതിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട സമരം നേരത്തെ നടത്തിയിരുന്നു. എന്നാല്‍ പിന്നീട്‌ പിന്മാറി. പുതിയൊരു പനയുടെ തൈ ക്ഷേത്രവളപ്പില്‍ നട്ടുവളര്‍ത്താന്‍ ഭക്‌തര്‍ ആഗ്രഹിച്ചെങ്കിലും ദേവപ്രശ്‌നത്തില്‍ അതിന്‌ അനുയോജ്യമായ ഇടം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ തല്‍ക്കാലത്തേക്ക്‌ ഉപേക്ഷിക്കുകയായിരുന്നു....