2006ലെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് ആക്ടിന്റെ 30(2)(എ) പ്രകാരം സംസ്ഥാനത്തിനകത്ത് ഭക്ഷണം കഴിക്കേണ്ട സമയം വ്യക്തമായി സൂചിപ്പിക്കുന്ന സ്ലിപ്പ്/സ്റ്റിക്കർ ഇല്ലാതെ തയ്യാറാക്കിയ ഭക്ഷണ പാക്കറ്റുകൾ വിൽക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണർ ഉത്തരവിട്ടു. ഭക്ഷണം പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കണമെന്ന നിർദേശമുള്ള സ്ലിപ്പ്/സ്റ്റിക്കറുള ഭക്ഷണ പൊതികളായിരിക്കണം ഉപഭോക്താക്കൾക്ക് നൽകേണ്ടത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡ പ്രകാരം ഭക്ഷണം തയാറാക്കിയതിനു ശേഷം അത് എത്തിക്കേണ്ട സമയം രണ്ട് മണിക്കൂറിനു മുകളിലാണെങ്കിൽ 60 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഭക്ഷണം സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവിൽ പരാമർശിക്കുന്നു. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷ കമ്മീഷണർ അറിയിച്ചു.