*കെഎസ്ആർടിസിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കാൻ നിർദ്ദേശം*

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കാനുള്ള നിർദ്ദേശവുമായി മാനേജിങ് ഡയറക്ടർ. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എംഡി ബിജു പ്രഭാകറിന്റെ നിർദേശം. ഡിപ്പോ അടിസ്ഥാനത്തിലാണ് ടാർഗറ്റ്. 100% ടാർഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവൻ ജീവനക്കാർക്കും അഞ്ചാം തീയതിക്ക് തന്നെ മുഴുവൻ ശമ്പളം കൊടുക്കും. 90 ശതമാനം എങ്കിൽ ശമ്പളത്തിന്റെ 90 ശതമാനം നൽകും. സർക്കാർ സഹായം നൽകിയില്ലെങ്കിൽ ഈ നിർദ്ദേശം ഏപ്രിൽ മുതൽ നിലവിൽ വരും. 100 ശതമാനത്തിന് മുകളിൽ വലിയ തോതിൽ ടാർഗറ്റ് തികയ്ക്കുന്ന ഡിപ്പോകളിൽ ജീവനക്കാർക്ക് കുടിശിക അടക്കം ശമ്പളം നൽകാനുമാണ് ആലോചന. ഇതിനോട് ജീവനക്കാരുടെ സംഘടനകൾ ഇനി എങ്ങിനെ പ്രതികരിക്കുമെന്നതാണ് അറിയാനുള്ളത്.