ചാരുംമൂട്: കടത്തിണ്ണയിൽ മരിച്ചു കിടന്ന അനാഥനായ വൃദ്ധന് സ്വന്തം സ്ഥലത്ത് സംസ്കാരത്തിനുള്ള അവസരമൊരുക്കി പാലമേൽ പഞ്ചായത്ത് പ്രസിഡൻറ് ബി വിനോദ്. കഴിഞ്ഞ 40 വർഷത്തിലധികമായി നൂറനാട് പരിസര പ്രദേശങ്ങളിലുമുള്ള കടകളിലും വീടുകളിലും ജോലി ചെയ്യുകയായിരുന്ന പാറശ്ശാല സ്വദേശി ബാബു (80) വിനെയാണ് കഴിഞ്ഞ ദിവസം രാവിലെ നൂറനാട് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് പ്രസിഡന്റ് വിനോദിൻ്റെ നേതൃത്വത്തിൽ മൃതദേഹം ഉളവുക്കാട് ഫാമിലി ഹെൽത്ത് സെൻ്ററിന് സമീപമുള്ള സർക്കാർ ഭൂമിയിലെത്തിച്ച് സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടയില്‍ പ്രദേശവാസികളായ രണ്ടു പേർ എതിർപ്പുമായി എത്തിയത്. അനാഥന്‍റെ സംസ്കാരം സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ എതിര്‍പ്പുമായെത്തിയവരുടെ വെല്ലുവിളിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ബി വിനോദ് എത്താന്‍ കാരണമായത്. ഉളവുക്കാട് ആർ.സി.വി എൽ.പി.എസിനു സമീപമുള്ള സ്വന്തം സ്ഥലത്ത് ചടങ്ങുകൾ നടത്തിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. ഗ്യാസ് ഉപയോഗിച്ചായിരുന്നു മൃതദേഹം സംസ്കരിച്ചത്. അനാഥനായ ഒരാളെ സംസ്കരിക്കേണ്ടത് പഞ്ചായത്തിന്‍റെ ഉത്തരവാദിത്വമാണ് നിറവേറ്റിയതെന്നും, സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുവിൽ മൃതദേഹം സംസ്കരിക്കുന്നത് ചിലർ എതിർത്തതോടെ സ്വന്തം ഭൂമിയിൽ സൗകര്യം ഒരുക്കിയതെന്നും പ്രസിഡൻ്റ് പറഞ്ഞു. സംസ്കാര ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം അജയഘോഷ് ,കോശി.എം.കോശി, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ പങ്കെടുത്തു.