ട്രാൻസ്ജെൻഡർ ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞു പിറന്നു

കോഴിക്കോട്: ട്രാൻസ്ജെൻഡർ ദമ്പതികളായ സിയയ്ക്കും സഹദിനും കുഞ്ഞു പിറന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. സഹദും കുഞ്ഞും സുഖമായിരിക്കുന്നെന്നും കുഞ്ഞിന്‍റെ ലിംഗം വെളിപ്പെടുത്താൻ താല്പര്യം ഇല്ലെന്നും മാതാവ് സിയ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവായിരിക്കുകയാണ് സഹദ്.

മാർച്ച് നാലിനാണ് തിയതി നിശ്ചയിച്ചിരുന്നെങ്കിലും ഷുഗര്‍ കൂടിയതിനെത്തുടര്‍ന്ന് നേരത്തെ അഡ്മിറ്റാവുകയായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ലിം​ഗം വെളിപ്പെടുത്താൻ താൽപര്യമില്ലെന്ന് അമ്മ സിയ പറഞ്ഞു. 

ഭർത്താവ് സഹദ് ഫാസിലിലൂടെ തന്റെയുള്ളിലെ മാതൃത്വം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച സിയയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. ഇന്നലെ ആശുപത്രിയിൽ അഡ്മിറ്റായ വിവരവും സിയ ഇൻസ്റ്റ​ഗ്രാം ലൈവിലെത്തി അറിയിച്ചു. പിന്നാലെയാണ് കുഞ്ഞ് പിറന്ന സന്തോഷവാർത്തയും എത്തിയത്.