വയോജനങ്ങളുടെ ഭക്ഷണത്തിൽ അമിതനിയന്ത്രണം നല്ലതോ? അറിയാതെ പോകരുത് ഇവ

‘അതുമിതുമൊന്നും കഴിക്കരുത്. ഷുഗറും കൊളസ്ട്രോളുമൊക്കെ ഉള്ളതാ’. പ്രായം ചെന്നവരോടു പലപ്പോഴും പറയുന്നതാണ്. പ്രായംചെല്ലുമ്പോൾ പല്ലുകളുടെ ആരോഗ്യം ക്ഷയിക്കും. മോണകൾക്കു പ്രശ്നങ്ങളുണ്ടാകും. പല ഭക്ഷണങ്ങളും ദഹിക്കാൻ ബുദ്ധിമുട്ടാകും. അതുകൊണ്ടു ദഹിക്കാൻ എളുപ്പമുള്ള, പോഷകാഹാരങ്ങൾ അടങ്ങിയ സമീകൃതാഹാരമാണു വയോജനങ്ങൾക്കു നൽകേണ്ടത്. വയോജനങ്ങൾക്ക് ഓട്സും ബാർലിയും മില്ലെറ്റുമെല്ലാം നൽകുന്നതാണു പൊതുവേ കണ്ടുവരുന്ന ഒരു രീതി. പ്രായം ചെല്ലുന്നതുവരെ ഒരാൾ ശീലിച്ച ഭക്ഷണരീതിയും രുചികളുമെല്ലാം പെട്ടെന്നു മാറ്റുന്നത് അവർക്കു ബുദ്ധിമുട്ടുണ്ടാകും. ഇത്തരത്തിലുള്ള അമിത നിയന്ത്രണങ്ങൾ അവരെ വിഷാദത്തിലേക്കും മറ്റു പ്രശ്നങ്ങളിലേക്കും നയിക്കും. നമ്മുടെ നാടൻ ഭക്ഷണരീതിക്ക് ഇണങ്ങിയ സമീകൃത ആഹാരമാണു ചിട്ടപ്പെടുത്തേണ്ടത്.അതതു സീസണിൽ കപ്പയും ചക്കയുമൊക്കെ കഴിക്കാം. പല്ലു കൊണ്ടു ചവയ്ക്കാൻ കഴിയുന്ന കാലത്തോളം ഇറച്ചിയോ മീനോ പോലുള്ളവ അനുവദിക്കണം. ഡോക്ടർമാരുടെ നിർദേശമുണ്ടെങ്കിൽ മാത്രം ചില ഭക്ഷണങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താം. അരി പോലെ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷ്യ പദാർഥങ്ങൾ പ്ലേറ്റിന്റെ 25% മതി. ബാക്കിയുള്ളത് പച്ചക്കറികളോ ഇറച്ചിയോ മീനോ മുട്ടയോ അടങ്ങിയ ഭക്ഷണങ്ങളാകാം.എണ്ണ കൂടുതൽ ഉപയോഗിക്കാത്ത തോരൻ പോലുള്ള ഭക്ഷ്യ വിഭവങ്ങൾ വയോജനങ്ങൾക്കു നല്ലതാണ്. 3 നേരം ഭക്ഷണമെന്നതിനു പകരം ചെറിയ അളവിലുള്ള ഭക്ഷണം 2–3 മണിക്കൂർ ഇടവേളകളിൽ 6 നേരമായി നൽകുന്നതാണു വയോജനങ്ങൾക്കു നല്ലത്. രാത്രിയിലെ ഭക്ഷണം നേരത്തെയാക്കണം. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കണം. കാപ്പി, ചായ തുടങ്ങിയവ കൂടുതൽ വേണ്ട. ദിവസത്തിൽ രണ്ടു നേരം മതി. വൈകിട്ട് 4 മണിക്കു ശേഷം കാപ്പിയും ചായയും വേണ്ട. അത് ഉറക്കക്രമത്തെ ബാധിക്കും.വെള്ളം കുടിക്കുന്നതു നല്ലതാണ്. എന്നാൽ അമിതമായി വെള്ളം കുടിക്കേണ്ട. അതു നീർക്കെട്ടിലേക്കു നയിക്കും. കൂടുതൽ വെള്ളം കുടിക്കുമ്പോൾ കൂടുതൽ മൂത്രമൊഴിക്കും. അപ്പോൾ ശരീരത്തിലെ സോഡിയം നഷ്ടം കൂടും. വീടിനുള്ളിൽ കഴിയുന്ന ഒരാൾക്കു 2 ലീറ്റർ വെള്ളം തന്നെ ധാരാളമാണ്.
(വിവരങ്ങൾ: ഡോ. ജിനോ ജോയ്, കൺസൽറ്റന്റ് ജെറിയാട്രിഷ്യൻ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി)