*മൊബൈലിനും ടിവിക്കും വില കുറയും; സ്വര്‍ണം, വെള്ളി, സിഗരറ്റ് വില കൂടും*

കേന്ദ്ര ബജറ്റിൽ ഇലക്ട്രിക് ഉപകരണ നിർമാണത്തിനുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ചു. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ടെലിവിഷന്‍ സെറ്റുകള്‍, കംപ്രസ്ഡ് ബയോഗ്യാസ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. എന്നാല്‍ സിഗരറ്റ്, കോമ്പൗണ്ട് റബ്ബർ, സ്വര്‍ണം, വെള്ളി, വജ്രം എന്നിവയുടെ വില കൂടും.
ഇലക്ട്രിക്ക് ചിമ്മിനി ഇറക്കുമതി തീരുവ വർധിപ്പിച്ചു. 2 കോടി വിറ്റുവരവ് ഉള്ള ചെറുകിട വ്യവസായങ്ങൾക്ക് നികുതി ഇളവുണ്ട്. മാസ നിക്ഷേപ പദ്ധതികളുടെ പരമാവധി തുക ഉയർത്തി. സിംഗിൾ അക്കൗണ്ടുകൾക്ക് പുതിയ പരിധി 9 ലക്ഷവും ജോയിൻ്റ് അക്കൗണ്ടുകൾക്ക് 15 ലക്ഷവും പരിധിയാക്കി. പഴയ വാഹനങ്ങൾ പൊളിക്കൽ നയത്തിന് കൂടുതൽ സഹായം നല്‍കും. സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി വിപുലമാക്കും. പഴയ സർക്കാർ വാഹനങ്ങളും പൊളിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മധ്യവർഗത്തിന് ആശ്വാസമേകി ആദായ നികുതി പരിധിയിൽ ഇളവ്. വാർഷിക വരുമാനം ഏഴ് ലക്ഷം വരെയുള്ളവർക്ക് നികുതിയില്ല. ആദായ നികുതി പരിധി അഞ്ചു ലക്ഷത്തിൽ നിന്നാണ് ഏഴു ലക്ഷമായി ഉയർത്തിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്രഖ്യാപനം ഇടത്തരക്കാർക്ക് ആശ്വാസമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതിയിൽ സ്ലാബുകൾ അഞ്ചായി കുറച്ചു. 6-9 ലക്ഷം വരെ 10 ശതമാനം , 9-12 ലക്ഷം വരെ 15%, 12-15 ലക്ഷം വരെ 20%,15 ലക്ഷത്തിന് മുകളില്‍ 25 ശതമാനം എന്നിങ്ങനെയാണ് പുതിയ സ്ലാബുകൾ. സ്റ്റാർട്ടപ്പുകൾക്ക് 10 വർഷത്തേക്ക് നികുതിയില്ല. ഇതിന് പുറമെ 50 ലക്ഷം വരെ വാർഷിക വരുമാനം ഉള്ള പ്രൊഫഷനുകൾക്കും നികുതി ഇളവ്. കസ്റ്റംസ് ഡ്യൂട്ടി സ്ലാബുകളും കുറച്ചു.