നോർക്ക പ്രവാസി കാർഡുകൾക്ക് അപേക്ഷിക്കാം; രജിസ്‍ട്രേഷൻ ക്യാമ്പെയിന് തുടക്കമായി

തിരുവനന്തപുരം: പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന ഐ.ഡി കാർഡുകൾ ലഭ്യമാക്കുന്നതിനായി ഒരു മാസക്കാലം പ്രത്യേക ക്യാമ്പെയിൻ നടത്തുന്നു. ഫെബ്രുവരി 28 വരെയാണ് പരിപാടി. പ്രവാസി മലയാളികള്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഐ.ഡി, സ്റ്റുഡന്‍സ് ഐ.ഡി, എന്‍. ആര്‍. കെ ഇന്‍ഷുറന്‍സ്, പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് ക്യാമ്പെയിൻ.

ഐ.ഡി.കാർഡ് എടുത്തവര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണെന്ന് നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ലോകത്തെമ്പാടുമുള്ള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഉതകുന്നതിനാണ് ഐ.ഡി കാർഡ് സേവനങ്ങൾ.