പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിൽ ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയി. ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് ഇന്ന് ഓഫീസിൽ എത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് യാത്ര പോയത്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ.യു.ജനീഷ്‌കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ക്ഷുഭിതനായി.മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് സൂചന. നാളെ രണ്ടാം ശനിയാഴ്ചയും മറ്റന്നാൾ ഞായറാഴ്ചയും ആയതിനാൽ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് പോവുകയായിരുന്നുവെന്നാണ് ഓഫീസിലുള്ള ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഉദ്യോഗസ്ഥരുടെ കൂട്ടഅവധിയെപ്പറ്റി അറിയാതെ നിരവധി സാധാരണ ജനങ്ങളാണ് ഇന്ന് ഓഫീസിലെത്തി കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വന്നത്.