തിരുവനന്തപുരം : പാറശാലയിൽ ചില്ലുകൾ തകർന്നനിലയിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷൻ കാർ പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ പൊലീസ് വെട്ടുകത്തി കണ്ടെത്തി. എന്നാൽ വാഹനത്തിൻ്റെ ആർടിഒ രേഖകളിൽ നിന്ന് ഉടമസ്ഥനെ കണ്ടെത്താനായില്ല എന്നാണ് പൊലീസ് പറയുന്നത് . ശനിയാഴ്ച ഉച്ചയോടുകൂടിയാണ് പാറശ്ശാല മുണ്ടപ്ലാവിളയ്ക്കു സമീപം റോഡരികിൽ ചില്ലുകൾ തകർന്ന നിലയിൽ കാർ കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ വിവരം പാറശ്ശാല പൊലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വാഹനം ചെന്നൈ രജിസ്‌ട്രേഷനിലുള്ളത് ആണെന്ന് കണ്ടെത്തി. കാറിന്റെ ഡോറുകളിൽ ഉൾപ്പടെയുള്ള ചില്ലുകളെല്ലാം തകർത്തനിലയിലാണ്.തുടർന്ന് പൊലീസ് കാർ സ്റ്റേഷനിലേക്കു മാറ്റി. വാഹനത്തിന്റെ മുൻവശത്തെയും പിൻവശത്തെയും നാലു വാതിലുകളുടെയും ചില്ലുകളും തകർത്തനിലയിലാണ്. പൊട്ടിയ ചില്ലുകൾ വാഹനത്തിനുള്ളിൽ കിടപ്പുണ്ട്. എന്നാൽ വാഹനം കണ്ടെത്തിയ സ്ഥലത്ത് ചില്ലുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനാൽ മറ്റെവിടയോ വെച്ച് ചില്ലുകൾ തകർത്ത വാഹനം റോഡരികിൽ ഉപേക്ഷിച്ച് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പാറശ്ശാല പൊലീസ് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.