തെന്മല : പോലീസ് വകുപ്പിന്റെ "യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിന്റെ" ഭാഗമായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ സുനിൽ എം.എൽ IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം റൂറൽ സ്പെഷ്യൽ ടീം, തെന്മല പോലീസ് എന്നിവർ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ആന്ധ്രാപ്രദേശിൽ നിന്നും കടത്തി കൊണ്ടു വന്ന 25.352 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കേരളപുരം മാമൂട് വയലിൽ പുത്തൻ വീട്ടിൽ ഗണേശൻ മകൻ 47 വയസുള്ള ബെല്ലാരി സുനിൽ എന്ന് അറിയപ്പടുന്ന സുനിൽ.ജി, കൊല്ലം ഉളിയൻകോവിൽ ശ്രീഭദ്ര നഗറിൽ ആറ്റിയോചിറയിൽ നസീർ മകൻ 35 വയസുള്ള നിഷാദ് എന്നിവരാണ് പിടിയിലായത്. പ്രതികൾ ആന്ധ്രയിൽ നിന്നും സംസ്ഥാനത്തേക്ക് മൊത്തവിൽപ്പനയ്ക്കായി കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന് കൊല്ലം റൂറൽ സ്പെഷ്യൽ ടീം, തെന്മല പോലീസ് എന്നിവർ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ആണ് ആര്യങ്കാവിൽ വച്ച് പ്രതികൾ സഞ്ചരിച്ച് വന്ന KL 02 BS 1491 രെജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് I-20 കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. പിടിയിലായ ബെല്ലാരി സുനിലിനെ മുൻപും ആര്യങ്കാവിൽ വച്ച് കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. തെന്മല, കുണ്ടറ പോലീസ് സ്റ്റേഷൻ പരിധികളിലെ കഞ്ചാവ്, നരഹത്യാശ്രമം, ഗൂഡാലോചന കേസുകളിലും, കൊല്ലം എക്സൈസ് രജിസ്റ്റർ ചെയ്ത അഞ്ച് കഞ്ചാവ് കേസുകളിലും പ്രതിയാണ് ഇയാൾ.
കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ് മാമൂട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന ലോബിയുടെ പ്രധാനിയാണ് സുനിൽ. രണ്ടാഴ്ച്ചയ്ക്ക് മുൻപ് കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് നടന്ന കുറ്റകരമായ നരഹത്യാശ്രമത്തിന് അറസ്റ്റിലായ സുനിൽ ജ്യാമ്യത്തിൽ ഇറങ്ങി ഉടൻ തന്നെ ആന്ധ്രാപ്രദേശിലേക്ക് കടന്ന് കഞ്ചാവ് കടത്തിന് ശ്രമിക്കുകയായിരുന്നു. ഇയാളുടെ മൊത്ത വ്യാപാര ശൃഖലകളെപ്പറ്റിയും, സാമ്പത്തിക സോത്രസുകളെപ്പറ്റിയും കൂടുതൽ അന്വഷണവും കർശന നിയമ നടപടികളും ഉണ്ടാകും എന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. സുനിൽ എം. എൽ IPS അറിയിച്ചു. കൊല്ലം റൂറൽ സി-ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസിന്റെ മേൽനോട്ടത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച് നടത്തിയ ഈ പരിശോധനയിൽ എഴുകോൺ എസ്.എച്ച്.ഒ റ്റി.എസ് ശിവപ്രകാശ്, തെന്മല എസ്.എച്ച്.ഒ ശ്യാം.കെ, എസ്.ഐ മാരായ സുബിൻ തങ്കച്ചൻ, അനിൽകുമാർ, എ.എസ്.ഐ മാരായ രാധാകൃഷ്ണപിള്ളൈ, ലാലു, സഞ്ചീവ് മാത്യൂ, എസ്.സി.പി.ഒ സുനിൽ കുമാർ, സി.പി.ഒ മാരായ സജുമോൻ റ്റി, മഹേഷ് മോഹൻ, അഭിലാഷ് പി.എസ്, അനീഷ് കുമാർ, സുജിത്ത് ഡി, ദിലീപ് എസ്, വിപിൻ ക്ലീറ്റസ്, മനു.ബി, വിഷ്ണു യു.കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.