കർണാടകയിലെ പുതിയ വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടും: കേന്ദ്രത്തിന് ശുപാർശയുമായി കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയിൽ പുതുതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് ബി.എസ് യെദിയൂരപ്പയുടെ പേരിടും. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ വിമാനത്താവളത്തിനാണ് യെദിയൂരപ്പയുടെ പേരിടുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ആണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്. നേരത്തെ കർണാടക മന്ത്രിസഭായോഗമാണ് യെദിയൂരപ്പയുടെ പേര് വിമാനത്താവളത്തിനിടാൻ തീരുമാനിച്ചത്. എന്നാൽ ഈ നീക്കത്തെ എതിർത്ത് യെദിയൂരപ്പ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിന് മുൻമുഖ്യമന്ത്രിയുടെ പേര് നൽകുന്നതിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു. വ്യോമയാന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്ത് നൽകുമെന്നും ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവമൊഗ്ഗയുടെ വികസനം സാധ്യമായത് യെദ്യൂരപ്പ ഉള്ളത് കൊണ്ടാണെന്നും ബൊമ്മയ് പറഞ്ഞു.