ശാർക്കര പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 9.45ന് ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കോയിക്കൽ മഠം പ്രകാശൻ നമ്പൂതിരി പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 11.45നും 12.30നും ഇടയ്ക്ക് പൊങ്കാല നിവേദ്യം നടക്കും.
ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രപറമ്പ് നിരപ്പാക്കി അടുപ്പുകൾ കൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്നു. പതിനായിരക്കണക്കിന് വരുന്ന പൊങ്കാല ഭക്തർക്ക് ആവശ്യമുള്ള അടുപ്പുകൾ ക്ഷേത്ര ഭാരവാഹികൾ തന്നെ ഒരുക്കുന്നത് ഒരുപക്ഷേ ശാർക്കര ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാകും.പൊങ്കാല ദിവസം ശാർക്കര കോമ്പൗണ്ടിൽ ഒരു വാഹനവും പ്രവേശിപ്പിക്കില്ല. മഞ്ചാടിമൂട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ശാർക്കര ബൈപ്പാസ് റോഡിലും കോളിച്ചിറ റോഡിലും വലിയകട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ശാർക്കര മഞ്ചാടിമൂട് ബൈപ്പാസ് റോഡിലും പാർക്ക് ചെയ്യണം.
ശാർക്കര - വലിയകട റോഡിൽ ഒരുവശം ചേർന്ന് പൊങ്കാലയിടാം. ഗതാഗത സുരക്ഷയുടെ ഭാഗമായി പൊങ്കാല അടുപ്പുകൂട്ടുന്നത് ശാർക്കര - പണ്ടകശാല റോഡ് ഒഴിവാക്കി പകരം ശാർക്കര യു.പി സ്കൂൾ, മലയാളം പള്ളിക്കൂടം എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കും. പൊങ്കാല ദിവസം ക്ഷേത്ര ദർശനത്തിനും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തജനങ്ങൾ വടക്കേ ഭാഗത്തെ വാതിലിലൂടെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കുകയും കിഴക്കേ വാതിലിലൂടെ പുറത്ത് പോകേണ്ടതുമാണ്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ശാർക്കര പറമ്പിലെ ഭദ്ര ഓഡിറ്റോറിയത്തിൽ മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കും. അത്യാവശ്യഘട്ടം വന്നാൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് ക്ഷേത്രപറമ്പിൽ പ്രവേശിക്കുന്നതിന് അനുസരിച്ചുള്ള സ്ഥലം വിട്ടാണ് പൊങ്കാല അടുപ്പുകൾ നിരത്തിയിരിക്കുന്നത്. ഈ ഭാഗത്തും ശാർക്കര - മഞ്ചാടിമൂട് ബൈപാസ് റോഡിലും അടുപ്പുകൾ കൂട്ടാൻ പാടില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ചിറയിൻകീഴ് പൊലീസും ഓൾകേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് യൂണിറ്റുമായി സഹകരിച്ച് പൊങ്കാല ദിവസം ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തും.
സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ആംബുലൻസും ഉണ്ടായിരിക്കും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് പൊങ്കാല മഹോത്സവം സുഗമമായി നടത്തുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു.