ഗ്രീൻ ഫീൽഡ് ഹൈവേ സർവ്വേ നാവായിക്കുളം പലവക്കോട് തടഞ്ഞു; ഖബർ സ്ഥാൻ പൊളിച്ചു മാറ്റേണ്ട സ്ഥിതിയെന്ന് ആക്‌ഷൻ കൗൺസിൽ

കല്ലമ്പലം∙ നാവായിക്കുളം പലവക്കോട് മുസ്‌ലിം ജമാ അത്ത് ആക്‌ഷൻ 
കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രീൻ ഫീൽഡ് ഹൈവേ സർവേയ്ക്ക് എത്തിയ സംഘത്തെ 
തടഞ്ഞു. മുസ്‌ലിം ജമാ അത്തിന് മുകളിലൂടെ കടന്നു പോകുന്ന ഹൈവേയിലെ ഭൂമിയിൽ
 അടയാളം ചെയ്തിരുന്ന മരങ്ങളുടെയും മറ്റും കണക്കെടുക്കാൻ വന്ന ഉദ്യോഗസ്ഥരെ 
ആണ് തടഞ്ഞത്.
ഖബർ സ്ഥാന് മുകളിലൂടെ റോഡ് കടന്നു പോകുന്ന തെന്നും ഖബർ സ്ഥാൻ പൊളിച്ചു 
മാറ്റി കൊണ്ടുള്ള യാതൊരു പ്രവർത്തനവും അനുവദിക്കില്ല എന്ന അറിയിച്ചാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
തുടർന്ന് ആക്‌ഷൻ കൗൺസിലിന്റെ പരാതി ബന്ധപ്പെട്ടവരെ അറിയിക്കാം എന്ന് 
ഉറപ്പ് നൽകി ആണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഇതു സംബന്ധിച്ച് ആക്‌ഷൻ കൗൺസിൽ 
വകുപ്പ് മന്ത്രിമാർക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. അനുയോജ്യമായ വിധത്തിൽ
 രൂപരേഖയിൽ മാറ്റം വരുത്തിയാൽ പ്രശ്നങ്ങൾ ഇല്ലാതെ റോഡ് നിർമിക്കാൻ കഴിയും 
എന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
ആവശ്യം ബന്ധപ്പെട്ടവരെ അറിയിച്ച ശേഷം നടപടി സ്വീകരിക്കും എന്ന് ഉറപ്പ് 
നൽകിയിട്ടും പഴയ രൂപരേഖ വച്ചുള്ള നടപടി ക്രമങ്ങൾ ആണ് നടക്കുന്നത് എന്നും 
പരാതിയുണ്ട്. നിലവിലെ രൂപരേഖയിൽ മാറ്റം വരുത്തിയാൽ ഖബർ സ്ഥാൻ സംരക്ഷിക്കാൻ 
കഴിയും എന്ന് ആക്‌ഷൻ കൗൺസിൽ തയാറാക്കിയ രൂപരേഖയിൽ വ്യക്തമാക്കുന്നു. ഖബർ 
സ്ഥാൻ എന്തു വില കൊടുത്തും സംരക്ഷിക്കും എന്ന് ഭാരവാഹികളായ മഖ്ത്തൂം 
തോളൂരും എ.ഷെരീഫും അറിയിച്ചു.