തിരുവനന്തപുരം: മുരുക്കും പുഴ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേട്ട അമ്പലത്തുമുക്ക് സ്വദേശി എസ് അരുൺകുമാറാണ് മരിച്ചത്. ഇന്ന് പുലർച്ചെ എം സി റോഡിനു സമീപത്തുള്ള പറിങ്കമാവിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.മാണിക്കൽ ഗ്രാമപഞ്ചായത്ത് കൊപ്പം സി എസ് ഐ പള്ളി പരിസരത്തുള്ള പറിങ്കമാവിൻ തോട്ടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അരുൺ കുമാർ. നിലവിൽ മുരുക്കും പുഴ സബ് രജിസ്ട്രാർ ഓഫീസിലെ പിയൂൺ തസ്തികയിൽ ജോലി നോക്കുകയായിരുന്നു.മരിച്ച അരുൺകുമാറിന് ഇടത് കൈക്ക് സ്വാധീന കുറവുണ്ട്. മൃതദേഹം കണ്ട പറമ്പിന് അടുത്ത്, മഞ്ചാടിമൂട് എന്ന സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന ഇരുചക്ര വർക് ഷോപ്പിൽ സ്ഥിരമായി വന്നു പോകാറുള്ള ആളാണ് അരുൺ കുമാറെന്ന് പ്രദേശവാസികൾ പറയുന്നു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ശ്രദ്ധിക്കൂ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)