തിരുവനന്തപുരം നഗരത്തിലെ റോഡുകളിലൂടെ പായുന്ന ബൈക്കർമാരെ ആർക്ക് നിലക്ക്നിർത്താനാകും ?

മൂന്ന് ദിവസം മുൻപ് തിരുവല്ലം ബൈപ്പാസിൽ സൂപ്പർ ബൈക്കിടിച്ച് ഒരു വീട്ടമ്മ ശരീരം ചിതറിത്തെറിച്ച് മരിച്ചിരുന്നു. അന്ന് വൈകുന്നേരത്തോടെ ബൈക്കോടിച്ച യുവാവും മരണത്തിന് കീഴടങ്ങുന്നു. ഈ സംഭവം നടന്ന് ഏതാനും മണിക്കൂറിനുള്ളിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി തന്നെ പറയുന്നു അവിടെ വർഷങ്ങളായി ബൈക്ക് റേസ് നടക്കാറില്ലെന്നും റേസിംഗ് സ്ഥിരീകരിക്കാനായി അന്വേഷിക്കുമെന്നും. പിറ്റേ ദിവസം ഉച്ചക്ക് മുൻപു തന്നെ എൻഫോഴ്സ്മെന്റ് RTO അന്വേഷിച്ച് അശ്രദ്ധമായി റോഡ് മുറിച്ചു കടന്നതാണ് അപകട കാരണം എന്ന് റിപ്പോർട്ട് നൽകുന്നു.

റിപ്പോർട്ടിൽ, ഇത് അന്വേഷിച്ച ഉദ്യോഗസ്ഥൻ പറയുന്നത് ബൈക്ക് അമിത വേഗതയിലായിരുന്നു എന്നതിന് തെളിവില്ല എന്നാണ് , എന്നാൽ അശ്രദ്ധമായാണോ റോഡ് മുറിച്ച് കടന്നതെന്നതിന് തെളിവുണ്ടോ എന്ന് ചോദിച്ചാൽ ഉത്തരമില്ല.
സംഭവത്തിന്‌ ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നത് മൂന്ന് ബൈക്ക് വന്നതിൽ ഒന്നാണ് ഈ ഇടിച്ച ബൈക്കെന്നാണ് , പക്ഷേ ബാക്കി രണ്ട് ബൈക്കിനെ പറ്റി ആരും ഒന്നും പറയുന്നില്ല. നാട്ടുകാർ പറയുന്നത് ഈ ഭാഗത്ത് ബൈക്ക് റേസിംഗ് സ്ഥിരമാണെന്നാണ്.
നിരവധി അപകടങ്ങളാണ് ഇതിനോടകം ഈ ഭാഗത്ത് നടന്നിരിക്കുന്നത്.

ഈ അപകടത്തോടെ തിരുവല്ലം സ്ട്രെച്ചിൽ ഇക്കഴിഞ്ഞ 30 ദിവസത്തിനകം
 3 മരണങ്ങളായി....
കഴിഞ്ഞ ഒരു വർഷത്തിൽ ഈ സ്ടാച്ചിൽ 33 അപകടങ്ങളാണ് നടന്നത് അതിൽ
 8 പേരാണ് മരിച്ചത്. 

കവടിയാറിൽ ആധുനിക ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ടായിട്ടും ഒരൊറ്റ ബൈക്ക് റേസറെയും പോലീസിന് തൊടാനായിട്ടില്ല അപ്പോഴാണ് കൂടുതൽ വിശാലമായ ആധുനിക ബൈപ്പാസ് റോഡ് ബൈക്കർമാർക്ക് കിട്ടിയിരിക്കുന്നത്. ശക്തമായ നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ, റേസിംഗ് അവസാനിപ്പിക്കുവാൻ നാട്ടുകാരും , വിവിധ സംഘടനകളും രംഗത്തിറങ്ങുമെന്ന് പ്രദേശവാസികൾ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.