* തിരുവനന്തപുരത്ത് ഭർതൃഗൃഹത്തിൽ ഗർഭിണി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ*

തിരുവനന്തപുരം   ഭർതൃഗൃഹത്തിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ച 
സംഭവത്തിൽ  ഭർത്താവ് അറസ്റ്റിൽ. അട്ടക്കുളങ്ങര ടി.സി 39/2211, ശ്രീവള്ളിയിൽ
 ഗോപീകൃഷ്ണൻ (31) ആണ് അറസ്റ്റിലായത്. ഭാര്യ ദേവിക (22)ആണ് കഴിഞ്ഞ 17ന് 
മരിച്ചത്. മൂന്ന് മാസം ഗ‌ർഭിണിയായിരുന്നു ദേവിക. നിരന്തരമുള്ള ഭർതൃപീഡനമാണ്
 ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ശ്രീചിത്രയിൽ കരാർ 
അടിസ്ഥാനത്തിൽ ഫിസിയോതെറപ്പിസ്റ്റായ ഗോപീകൃഷ്ണൻ കഴിഞ്ഞ കുറെ നാളായി ദേവികയെ
 മർദിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസിന് തെളിവ് ലഭിച്ചു. മർദനമേറ്റ് 
ദേവിക ആശുപത്രിയിൽ ചികിത്സ തേടിയ രേഖകളും പൊലീസ് ശേഖരിച്ചു. 
ഫോർട്ട് പൊലീസ് സി.ഐ രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ 
അറസ്റ്റ് ചെയ്തത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക്
 അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ബാബു നൽകിയ പരാതിയിലാണ്
 പൊലീസ് അന്വേഷണം നടത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തത്. 2021 ലായിരുന്നു 
ഇവരുടെ വിവാഹം.  പരാതിയുടെ അടിസ്ഥാനത്തിൽ ദേവിക മരിച്ച വീട്ടിൽ പൊലീസ് 
എത്തി ഭർത്താവ് ഗോപീ കൃഷ്ണന്റെയും വീട്ടിലുള്ളവരുടെയും മൊഴി രേഖപ്പെടുത്തി.
 ദേവികയുടെ മൊബൈൽ ഫോണും പൊലീസ് പരിശോധിച്ചിരുന്നു. ശാസ്തമംഗലം പൈപ്പിൻമൂട് 
അർച്ചന ഫ്ലോർ ആൻഡ് ഓയിൽ മിൽ ഉടമ ബാബുവിന്റെയും മീനാകുമാരിയുടെയും മകളാണ് 
ദേവിക.