കുത്തേറ്റ് പുറത്തേക്ക്, ഒരാൾ ഓടി മറയുന്നതിന്റെ അവ്യക്തമായ ദൃശ്യങ്ങൾ; പ്രതിയിലേക്ക് വഴിതെളിച്ചതിങ്ങനെ

എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ ഹോട്ടൽ ജീവനക്കാരനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിലായി. തൃശ്ശൂർ വേലൂപ്പാടം രായംമരക്കാർ വീട്ടിൽ അഗ്നാനെയാണു (21) സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കർണ്ണാടക ചിക്കമഗളൂരുവിനു സമീപം ശൃംഗേരിയിൽ നിന്നാണു പ്രതിയെ പിടികൂടിയത്. മോഷണക്കേസിൽ പ്രതിയായ അഗ്നാൻ ശൃംഗേരിയിലെ റബ്ബർ എസ്റ്റേറ്റിൽ വ്യാജ പേരിൽ ജോലി ചെയ്യുകയായിരുന്നു.പാലക്കാട് കൊല്ലങ്കോട് ആനമാറി വീട്ടിൽ സന്തോഷ് പൊന്നുച്ചാമിയാണ് (41) ഈ മാസം 3ന് പുലർച്ചെ നാലരയോടെ കൊല്ലപ്പെട്ടത്. കൊല്ലത്തു നിന്ന് എറണാകുളത്ത് എത്തിയ അഗ്നാൻ സ്റ്റേഡിയത്തിൽ ഇരിക്കുമ്പോൾ അടുത്തെത്തിയ സന്തോഷുമായി വാക്കുതർക്കം ഉണ്ടായി. അഗ്നാൻ കത്തിയെടുത്തതോടെ ഭയന്നോടിയ സന്തോഷിനെ കൈയിൽ പിടിച്ചുനിർത്തി മുതുകിൽ 6 തവണ കുത്തുകയായിരുന്നു എന്നാണു പ്രതിയുടെ മൊഴി. പ്രതി നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു കയറുന്ന വ്യക്തമായ ദൃശ്യം ലഭിച്ചതോടെയാണു അന്വേഷണം വേഗത്തിലായത്. അഗ്നാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഒരു കൊച്ചു സാക്ഷി പോലുമില്ലാതെ, കാര്യമായ തെളിവുകൾ അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകം. അംബേദ്കർ സ്റ്റേഡിയത്തിൽ ഹോട്ടൽ ജീവനക്കാരൻ പാലക്കാട് സ്വദേശി സന്തോഷ് പൊന്നുച്ചാമിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായത് സെൻട്രൽ പൊലീസിനെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ച ശേഷം. ഇരുപത്തൊന്നു വയസ്സുകാരനായ പ്രതി അഗ്നാനിലേക്ക് എത്താൻ പൊലീസിന് തുണയായതു സ്റ്റേഡിയത്തിനു മുന്നിലെ ക്യാമറയിൽ പതിഞ്ഞ പ്രതിയുടെ അവ്യക്ത ദൃശ്യം.
പുലർച്ചെ 4.39നു കൊല്ലപ്പെട്ട സന്തോഷ്, അംബേദ്കർ സ്റ്റേഡിയത്തിനുള്ളിലേക്കു പോകുന്നതും 4.42ന് കുത്തേറ്റ് ഓടി പുറത്തു വന്നു വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഈ 4 മിനിറ്റിനുള്ളിൽ സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റിലൂടെ പുല്ലേപ്പടി ഭാഗത്തേക്ക് ഒരാൾ ഓടി മറയുന്നതിന്റെ അവ്യക്തമായ ദൃശ്യങ്ങൾ ഒടുവിൽ പൊലീസിനു ലഭിച്ചു. ഈ ദൃശ്യങ്ങളെ പിന്തുടർന്നു നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തി.
ഇവിടെയുള്ള ദൃശ്യങ്ങളിൽ നിന്നാണു പ്രതിയുടെ വ്യക്തമായ ചിത്രം ലഭിച്ചത്. തുടർന്ന് ആലുവ, തൃശ്ശൂർ സ്റ്റേഷനുകളുടെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി തൃശ്ശൂരിൽ ട്രെയിൻ ഇറങ്ങിയതായും പുറത്തിറങ്ങി സ്വകാര്യ ബസിൽ കയറിയതായും കണ്ടെത്തി. ഈ ബസിന്റെ നമ്പർ ഉൾപ്പെടെ ലഭിച്ചതോടെ കണ്ടക്ടർമാരെ ചോദ്യം ചെയ്യുകയും പ്രതിയുടെ വീടു കണ്ടെത്തുകയുമായിരുന്നു.
എന്നാൽ, വരന്തരപ്പിള്ളിയിലെ വീട്ടിൽ പൊലീസ് എത്തിയപ്പോഴേക്കും പ്രതി മുങ്ങി. കുത്തേറ്റ ആൾ മരിച്ചെന്നു ടിവി വാർത്തയിലൂടെ മനസ്സിലാക്കിയാണു പ്രതി ഫോൺ ഓഫാക്കി സ്ഥലം വിട്ടത്. കൂട്ടുകാരെ ചോദ്യം ചെയ്തപ്പോൾ പ്രതി കർണ്ണാടകയിലേക്കു കടന്നതായി മനസ്സിലായി. ആദ്യം ബെംഗളൂരുവിൽ എത്തിയ പ്രതി പിന്നീടു ചിക്കമഗളൂരുവിലെ ശൃംഗേരിയിലെത്തി റബ്ബർ തോട്ടത്തിൽ ജോലി നോക്കുകയായിരുന്നു.1000 ഏക്കറുള്ള തോട്ടത്തിൽ കടന്നു പ്രതിയെ പിടികൂടുക ദുഷ്കരമായതിനാൽ ഇയാളുടെ സുഹൃത്തു വഴി ബന്ധപ്പെട്ട് ലോറി ഡ്രൈവറുടെ ജോലിയുണ്ടെന്നും 1500 രൂപ പ്രതിദിനം ശമ്പളം ലഭിക്കുമെന്നും പറഞ്ഞു വിളിച്ചു വരുത്തുകയായിരുന്നു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ എസ്.ജയകുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്.വിജയശങ്കർ, എസ്ഐമാരായ എ.ജോസി, പ്രദീപ്, മണി, അനിൽകുമാർ, ഇ.എം.ഷാജി, സീനിയർ സിപിഒമാരായ ടി.കെ.അനിഷ്, ഉണ്ണിക്കൃഷ്ണൻ, അജിലേഷ്, വിനീത്, ഇഗ്നേഷ്യസ്, വിനോദ്, ദിലീപ്, മനോജ്‌, സിപിഒമാരായ ഉണ്ണിക്കൃഷ്ണൻ, ഷിഹാബ്, സനീപ് എന്നിവർ അടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.