വര്‍ക്കലയില്‍ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്

വർക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നാഴ്ച മുമ്പാണ് സംഭവം നടന്നത്.ഫെബ്രുവരി 8 നാണ് ഭിന്നശേഷിക്കാരിയായ, നിര്‍ദ്ധനയായ കുടുംബത്തിലെ യുവതിക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. വീട്ടില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വീടിനടുത്തുള്ള പ്രതി ആക്രമിച്ചത്. വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന നടക്കാന്‍ വയ്യാത്ത യുവതിയെ വീടിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തൊഴിലുറപ്പ് ജോലിക്ക് പോയ അമ്മയ്ക്ക് ഭക്ഷണം കൊടുത്ത് വന്ന സഹോദരിമാരാണ് പീഡനശ്രമം കണ്ടതും നിലവിളിച്ചതും. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന അന്നു തന്നെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ പോലീസിനായില്ല. പ്രതിയെ പിടികൂടാത്തതില്‍ കുട്ടിയുടെ അമ്മയും സഹോദരിയും അയല്‍വാസികളുമെല്ലാം കടുത്ത പ്രതിഷേധത്തിലാണ്.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ് യുവതിയുടേത്. യുവതിയുടെ അച്ഛനും അമ്മയ്ക്കും കൂലിവേല ചെയ്താണ് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകും എന്നാണ് പ്രതീക്ഷയെന്നും അയിരൂർ പോലിസ് അറിയിച്ചു.