പഴയകുന്നുമ്മൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

 പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് ബസ്റ്റാൻഡ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ വാദികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി പഞ്ചായത്ത് വകകൾ ജപ്തി ചെയ്തു പണം കണ്ടെത്തുന്നതിന് വിധിയുണ്ടായിരിക്കുന്നു.
 തുടർന്ന് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ആദ്യ ഗഡുവായി പഞ്ചായത്ത് 25 ലക്ഷം രൂപ ജപ്തി നടപടികൾ ഒഴിവാക്കുന്നതിനു വേണ്ടി കെട്ടിവെച്ചു.
 പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്കായി വകയിരുത്തിയ ഫണ്ടിൽ നിന്നും പഞ്ചായത്തിന്റെ മുൻ ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പിടിപ്പ്കേട് കാരണം ഉണ്ടായ നഷ്ടം നികത്താൻ പണം കണ്ടെത്തിയത് പ്രതിഷേധാർഹമാണ്.
 ആയതിനാൽ ഇത്രയും വലിയ തുക നഷ്ടം പഞ്ചായത്തിന് ഉണ്ടാകാൻ കാരണമായിട്ടുള്ള അന്നത്തെ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും എതിരെ കോടതിയിലും വിജിലൻസിലും പരാതി നൽകി അവരിൽ നിന്നും നഷ്ടപരിഹാര തുക കണ്ടെത്തുന്നതിന് വേണ്ടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.

 ഉപരോധ സമരത്തിന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബെൻഷാ ബഷീർ, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ സുജിത്ത്.വി.എസ്, അനസ്.എസ്,ഉമേഷ്‌.എസ്, അനീഷ്.വി തുടങ്ങിയവർ നേതൃത്വം നൽകി.

 മുൻ ഭരണസമിതിയും ഉദ്യോഗസ്ഥരും ഭൂമി ഉടമകളുമായി കൂട്ടുനിന്നു നടത്തിയ ഈ അഴിമതി വിജിലൻസൊ ജുഡീഷ്യൽ അന്വേഷണമോ ആവശ്യപ്പെട്ടുകൊണ്ട് അഴിമതി നടത്തിയ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് ഫെബ്രുവരി 10ന് പഞ്ചായത്തിലേക്ക് മാർച്ച് നടത്തും. പ്രസ്തുത മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ പി.സരിൻ ഉദ്ഘാടനം ചെയ്യും.