രണ്ട് പേർ കാവൽ, ശേഷം പുലർച്ചെ വീടുകളിൽ കയറി മോഷണം; ഒടുവിൽ ഷാരുഖ് ഖാനും സംഘവും തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: ചെറിയതുറയിലെ മൂന്ന് വീടുകളിൽ കയറി പണവും മൊബൈൽ ഫോണുകളും വാച്ചുകളും കവർന്ന മൂന്നംഗ സംഘത്തിലെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വീട്ടുകാരും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വളളക്കടവ് പതിനാറേകാൽ മണ്ഡപം സ്വദേശി ഷാരൂഖ് ഖാൻ (22), ചെറിയതുറ ഫിഷർമെൻ കോളനി സ്വദേശി മുഹമ്മദ് ഹസൻ (25), ബീമാപളളി ഈസ്റ്റ് വാർഡ് സ്വദേശി ചന്തു (25) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ഈ വീടുകളിൽ കവർച്ച നടന്നത്. വീട്ടുകാർ ഉറങ്ങുന്ന നേരത്തായിരുന്നു കവർച്ച. കൂടെയുണ്ടായിരുന്ന രണ്ട് പേരെയും കാവൽ നിർത്തിയശേഷം ഷാരൂഖാനാണ് വീടുകളിൽ കയറി കവർച്ച നടത്തിയത്. ചെറിയതുറ സ്വദേശികളായ ഇളവരസിയുടെ വീട്ടിൽ നിന്ന് 35000 രൂപ വിലയുളള മൊബൈൽ ഫോൺ, 5500 രൂപ വിലയുളള വാച്ച്, 5000 രൂപ എന്നിയാണ് പ്രതികൾ മോഷ്ടിച്ചത്. തഥയൂസിന്‍റെ വീട്ടിൽ നിന്ന് 11500 രൂപ വിലയുളളമൊബൈൽ ഫോണാണ് കവർന്നത്. വാട്ട്‌സ് റോഡ് സ്വദേശിയുടെ വീട്ടിൽ നിന്ന് 14000 രൂപയുടെ മൊബൈൽ ഫോണും 2500 രൂപയുമാണ് പ്രതികൾ കവർന്നത്.കവർന്ന ഫോണുകളും പണവും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ശംഖുംമുഖം അസി. കമ്മീഷണർ ഡി കെ പൃഥ്വിരാജ്, വലിയതുറ എസ് എച്ച് ഒ രതീഷ്, എസ് ഐ മാരായ അഭിലാഷ് മോഹൻ, അലീന, മണിലാൽ, സി പി ഒ ഷിബി ടി നായർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.