പത്തനംതിട്ട: പന്തളത്ത് വാടക വീട്ടില്‍ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായി വ്യാപക തെരച്ചിൽ. സംഭവത്തിന് ശേഷം പ്രതിയായ ഷൈജു സംസ്ഥാനം വിട്ട് പോയതായി പൊലീസ് സംശയിക്കുന്നു. മുളക്കുഴി സ്വദേശി സജിത(42)യെയാണ് ഷൈജു കൊല്ലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കൊലപാതകത്തിനു ശേഷം ഷൈജുവിൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. രണ്ട് വർഷക്കാലമായി സജിതയും പ്രതിയായ ഷൈജുവും ഒരുമിച്ചായിരുന്നു താമസം. സജിതക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഷൈജു പങ്കാളിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
സജിത മരിച്ചെന്ന് ഉറപ്പിച്ചതിനു ശേഷം പ്രതി സ്ഥലം വിടുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. രാത്രി തന്നെ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഷൈജു സാധാരണ പോകാറുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇരുവരും തമ്മിൽ പല തവണ തർക്കങ്ങൾ ഉണ്ടായിട്ടുള്ളതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മരക്കഷ്ണം ഉപയോഗിച്ചാണ് ഷൈജു സജിതയെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ യുവതിയെ രാത്രിയിൽ തന്നെ പന്തളം സിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.