ഉണ്ണി മുകുന്ദൻ ക്യാപ്റ്റനായ ആദ്യ മത്സരം; കേരള സ്‍ട്രൈക്കേഴ്സിനു തോൽവി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേഴ്‌സിനെതിരെ തോൽവി ഏറ്റുവാങ്ങി സി 3 കേരള സ്‌ട്രൈക്കേഴ്‌സ്. 64 റണ്‍സിനാണ് തെലുങ്ക് വാരിയേഴ്സിനോട് തോറ്റത്. തെലുങ്ക് വാരിയേഴ്‌സിന്റെ നായകന്‍ അഖില്‍ അക്കിനേനിയാണ് മാന്‍ ഓഫ് ദ് മാച്ച്. ബെസ്റ്റ് ബാറ്റ്‌സ്മാനായി കേരള സ്‌ട്രൈക്കേഴ്‌സിന്റെ രാജീവ് പിള്ളയെയും ബെസ്റ്റ് ബൗളറായി തെലുങ്ക് വാരിയേഴ്‌സിന്റെ പ്രിന്‍സിനെയും തിരഞ്ഞെടുത്തു.ആദ്യം ബാറ്റ് ചെയ്‍ത തെലുങ്ക് വാരിയേഴ്‍സ് 10 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്‍ടപ്പെടുത്തി 154 റണ്‍സ് എടുത്തു. ഇത് പിന്തുടര്‍ന്ന കേരള സ്‍ട്രൈക്കേഴ്‍സിന് 5 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. 19 ബോളില്‍ 38 റണ്‍സ് എടുത്ത രാജീവ് പിള്ളയാണ് കേരള സ്‍ട്രൈക്കേഴ്‍സിന്‍റെ ടോപ്പ് സ്കോറര്‍.ഓപ്പണിങ് ഇറങ്ങിയ ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന്‍ ഒരു റണ്‍ എടുത്ത് നിരാശപ്പെടുത്തി. പ്രിന്‍സിന്‍റെ രണ്ടാം ഓവറില്‍ രഘു ക്യാച്ച് പിടിച്ച് ഔട്ടായി. പിന്നാലെ അര്‍ജുന്‍ നന്ദകുമാര്‍ കൂടി മടങ്ങിയതോടെ കേരളം വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ പിന്നീട് ഒന്നിച്ച് ചേര്‍ന്ന രജീവ് പിള്ള, മണികുട്ടന്‍ കൂട്ടുകെട്ടാണ് കേരളത്തെ അല്‍പ്പമെങ്കിലും മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.ടോസ് നേടിയ കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ബൗളിങിനു യോജിച്ചതാണ് എന്നായിരുന്നു ഫീല്‍ഡിങ് തിരഞ്ഞെടുത്തതിന് ഉണ്ണി മുകുന്ദന്‍ പറഞ്ഞ കാരണം.രണ്ട് സ്‌പെല്ലുകളില്‍ അര്‍ദ്ധ സെഞ്ചറി നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖിലിന്റെ ബാറ്റിങ് ആണ് കേരള താര ടീമിനെ വന്‍ പരാജയത്തിലേക്ക് നയിച്ചത്. അഖില്‍ അഖിനേനി വെറും 30 പന്തുകളില്‍ നിന്ന് 91 റണ്‍സാണ് സ്വന്തമാക്കിയത്. മറുവശത്ത് 23 പന്തുകളില്‍ നിന്ന് 45 റണ്‍സുമായി പ്രിൻസും മികച്ച പിന്തുണ നല്‍കി. അര്‍ജുന്റെ പന്തില്‍ വിജയ് ക്യാച്ചെടുത്താണ് ഒടുവില്‍ അഖില്‍ പുറത്തായത്. പ്രിൻസിനെ നന്ദകുമാര്‍ റണ്‍ ഔട്ടാകുകയായിരുന്നു. ശേഷമെത്തിയ സുധീര്‍ ബാബു രണ്ട് പന്തുകളില്‍ നിന്ന് രണ്ടും അശ്വിൻ ബാബു ആറ് പന്തുകളില്‍ നിന്ന് 15 റണ്‍സുമായി പുറത്താകാതെ നിന്നു.കേരള സ്‍ട്രൈക്കേഴ്‍സിന്റെ ബൗളിങ് നിരയില്‍ ഏറ്റവും പ്രഹരമേറ്റത് വിവേക് ഗോപനും ഉണ്ണി മുകുന്ദനുമാണ്. വിവേക് ഗോപൻ രണ്ട് ഓവര്‍ എറിഞ്ഞപ്പോള് 41 റണ്‍സും ഉണ്ണി മുകുന്ദൻ ആറ് ഓവറില്‍ 45 റണ്‍സും വിട്ടുകൊടുത്തു. വിനു മോഹൻ ഒരു ഓവറില്‍ 14 റണ്‍സും ഷഫീക്ക് റഹ്‍മാൻ രണ്ട് ഓവറില്‍ 32ഉം അര്‍ജുൻ നന്ദകുമാര്‍ ഒരു ഓവറില്‍ 21ഉം റണ്‍സ് വിട്ടുകൊടുത്തു.