പൊലീസ് സ്റ്റേഷനിൽ നിന്ന് ഈ പോസ് മെഷീൻ മോഷ്ടിച്ചയാൾ പിടിയിൽ. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് സ്റ്റേഷനിൽ നിന്ന് ഇ- പോസ് മെഷീൻ മോഷ്ടിച്ചത്. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാണ് കള്ളനെ പൊലീസ് കുടുക്കിയത്.മോഷ്ടിച്ച മെഷീൻ വഴിയിൽ ഉപേക്ഷിച്ചുവെന്ന് കള്ളൻ പൊലീസിനോട് വെളിപ്പെടുത്തി. ജനുവരി 27നാണ് പ്രതി സ്റ്റേഷനിൽ നിന്ന് പിഴ അടപ്പിക്കുന്ന ഉപകരണം മോഷ്ടിച്ചത്. പാറാവ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥന്റെ വയർലെസ് സെറ്റിനൊപ്പം ആയിരുന്നു ഈ പോസ് മെഷീൻ വച്ചിരുന്നത്. ഇത് മോഷ്ടിച്ച ശേഷമാണ് പ്രതി കടന്നു കളഞ്ഞത്.20,000 രൂപ വിലമതിക്കുന്ന ഇ-പോസ് മെഷീനാണ് പ്രതി മോഷ്ടിച്ചത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ എബി പൊലീസുകാരെ കബളിപ്പിച്ച് ഇ-പോസ് മെഷീനുമായി സ്‌റ്റേഷൻ വിടുകയായിരുന്നു. സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിയ ശേഷം ഇ പോസ് മെഷീൻ വലിച്ചെറിയുകയായിരുന്നുവെന്നാണ് എബിയുടെ മൊഴി.