കിളിമാനൂർ പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കിളിമാനൂർ, അയ്യപ്പൻ കാവിനു സമീപം പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീമെട്രിക് ഹോസ്റ്റൽ താമസിച്ചു പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയ പെൺകുട്ടിയെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർധന കുടുംബത്തിൽപ്പെട്ട മുപ്പതോളം പെൺകുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നത്. ഹോസ്റ്റലിൽ കുട്ടികൾ തമ്മിലുള്ള വിഷയത്തിലുണ്ടായ മനോവിഷമത്തിലാണ് കുട്ടി ഇത്തരം ഒരു പ്രവർത്തിയിലേക്ക് മുതിർന്നതെന്നും, കുട്ടി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണെന്നും, വീഴ്ചയിൽ മുഖത്തും,കൈയ്ക്കും പരുക്ക് പറ്റിയതായും, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുന്നതിന് മുൻപ് കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചിട്ടുള്ളതായും, എന്നാൽ ഞരമ്പ് മുറിഞ്ഞിട്ടില്ലെന്നും കുട്ടിയുടെ നില ഗുരുതരമല്ലെന്നും ഹോസ്റ്റൽ അധികൃതർ അറിയിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം കരകുളത്ത് താമസിക്കുന്ന രക്ഷിതാക്കൾ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രിയിൽ എത്തിച്ചേർന്നിരുന്നു.

 ആറ്റിങ്ങൽ എംഎൽഎ അംബിക,, വാർഡ് മെമ്പർ കൊട്ടറ മോഹൻകുമാർ എന്നിവർ ഹോസ്റ്റലിലേത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സംഭവം അറിഞ്ഞ് ഹോസ്റ്റലിൽ എത്തിയ കിളിമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.