ലണ്ടന്‍: മലയാളിയായ റസ്റ്റോറന്റ് ഉടമയെ സ്‍കോട്‍ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സുനില്‍ മോഹന്‍ ജോര്‍ജിനെ (45) ആണ് ഫോര്‍ട്ട് വില്യമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിയും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന സുനില്‍ ഉറക്കത്തിനിടെ മരിച്ചതാണെന്നാണ് അനുമാനം.രാവിലെ റസ്റ്റോറന്റില്‍ ക്ലീനിങ് ജോലിക്ക് എത്തിയവര്‍ റസ്റ്റോറന്റ് തുറക്കാതെ കിടക്കുന്നത് കണ്ട് പരിസരത്തുള്ളവരെ വിവരമറിയിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് സുനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചു.നേരത്തെ യു.കെയിലെ റെഡിങില്‍ താമസിച്ചുവരുന്നതിനിടെ രണ്ട് വര്‍ഷം മുമ്പ് സുനിലിന്റെ ഭാര്യ റെയ്ച്ചല്‍ ബേബി അര്‍ബുദ ബാധിതയായി മരണപ്പെട്ടിരുന്നു. മക്കളില്ലാതിരുന്ന അദ്ദേഹം അതിന് ശേഷമാണ് സ്‍കോട്‍ലന്‍ഡിലേക്ക് താമസം മാറിയത്. അവിടെ സ്വന്തമായി റസ്റ്റോറന്റ് ആരംഭിക്കുകയായിരുന്നു. റസ്റ്റോറന്റില്‍ ഒറ്റയ്ക്ക് തന്നെയായിരുന്നു താമസവും. കാനഡയില്‍ താമസിക്കുന്ന സുനിലിന്റെ അമ്മയും ബന്ധുക്കളും മരണവിവരമറിഞ്ഞതിനെ തുടര്‍ന്ന് സ്‍കോട്‍ലന്‍ഡില്‍ എത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.