തിരുവനന്തപുരം – അങ്കമാലി ഗ്രീൻഫീൽഡ് ദേശീയപാത; അലൈൻമെന്റ് മാറിയേക്കും, ചില വില്ലേജുകൾ ഒഴിവാക്കപ്പെടും

തിരുവനന്തപുരം ∙ തിരുവനന്തപുരം മുതൽ അങ്കമാലി വരെ എംസി റോഡിനു സമാന്തരമായുള്ള നിർദിഷ്ട ഗ്രീൻഫീൽഡ് ദേശീയപാതയുടെ അലൈൻമെന്റിൽ മാറ്റമുണ്ടായേക്കും. ഗ്രീൻഫീൽഡ് ഹൈവേയുടെ തുടക്കം തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ നിന്നു മാറി കിളിമാനൂരിന് അടുത്ത് പുളിമാത്ത് ആകുമെന്നാണു സൂചന. എരുമേലിയിൽ ശബരിമല വിമാനത്താവളം നിർമിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ആരംഭിച്ചതിനാൽ അലൈൻമെന്റിൽ ഉൾപ്പെട്ടിരുന്ന എരുമേലി നോർത്ത്, എരുമേലി സൗത്ത് വില്ലേജുകളുൾപ്പെടെ നേരത്തെ പട്ടികയിലുണ്ടായിരുന്ന ചില വില്ലേജുകൾ ഒഴിവാക്കപ്പെടും.

പുതിയ വില്ലേജുകൾ കൂട്ടിച്ചേർക്കപ്പെടുമെന്നും സൂചനയുണ്ട്. ആദ്യ പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വില്ലേജുകളിലും മാറ്റമുണ്ടാകും.അരുവിക്കരയിൽ നിന്നാരംഭിച്ച് അങ്കമാലിയിൽ അവസാനിക്കുന്ന വിധമാണ് ദേശീയപാതയുടെ ആദ്യഘട്ട അലൈൻമെന്റ് തയാറാക്കിയത്. 

ഭാരത്‍മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാത അതോറിറ്റി നിർമിക്കുന്ന വിഴിഞ്ഞം – നാവായിക്കുളം ഔട്ടർറിങ് റോഡ് നിലവിൽ വരുന്നതോടെ ഈ പാതയുടെ തുടർച്ചയെന്ന നിലയിലാകും പുതിയ അലൈൻമെന്റ് തയാറാക്കുക. പുതിയ അലൈൻമെന്റ് പ്രകാരം പാതയുടെ ആകെ നീളം ഏകദേശം 30 കിലോമീറ്റർ കുറഞ്ഞേക്കും. ദേശീയപാത അതോറിറ്റിയുടെ തനത് പദ്ധതിയെന്ന നിലയിലാണ് ഗ്രീൻഫീൽഡ് ഹൈവേയുടെ ചർച്ചകൾ നടക്കുന്നത്. അടുത്ത മാസത്തോടെ പുതിയ അലൈൻമെന്റ് തയാറാകുമെന്നു വിവരമുണ്ട്.