ലോകബാങ്ക് തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന്‍ അജയ് ബംഗയെ നാമനിര്‍ദേശം ചെയ്ത് അമേരിക്ക

ഇന്ത്യന്‍ വംശജന്‍ അജയ് ബംഗയെ ലോകബാങ്ക് തലപ്പത്തേക്ക് നാമനിര്‍ദേശം ചെയ്ത് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് അജയ് ബംഗയുടെ പേര് നിര്‍ദേശിച്ചത്. പുനെയില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ വ്യവസായിയാണ് അജയ് ബംഗ. ലോകബാങ്കിന്റെ നേതൃസ്ഥാനത്തുനിന്ന് സ്ഥാനമൊഴിയുന്നുവെന്ന് ഡേവിഡ് മാല്‍പാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുന്‍ മാസ്റ്റര്‍കാര്‍ഡ് എക്‌സിക്യൂട്ടിവ് അജയെ ബൈഡന്‍ നാമനിര്‍ദേശം ചെയ്തത്. ലോകബാങ്ക് പ്രസിഡന്റായി സാധാരണ അമേരിക്കക്കാരും ഐഎംഎഫ് തലപ്പത്തേക്ക് യൂറോപ്യന്‍ വംശജരുമാണ് എത്താറ്. ലോകബാങ്ക് തലപ്പത്തേക്കുള്ള നാമനിര്‍ദേശങ്ങള്‍ ബാങ്ക് സ്വീകരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ ബാങ്കിന്റെ തലപ്പത്തേക്ക് വരാന്‍ പ്രത്യേക പ്രോത്സാഹനം നല്‍കുമെന്നും ലോകബാങ്ക് വ്യക്തമാക്കിയിരുന്നു.63 വയസുകാരനായ അജയ് നിലവില്‍ ജനറല്‍ അറ്റ്‌ലാന്റിക്കില്‍ വൈസ് ചെയര്‍മാനായി സേവനം അനുഷ്ഠിച്ചുവരികയാണ്. സാമ്പത്തിക, ബിസിനസ് മേഖലകളില്‍ 30 വര്‍ഷത്തിലധം പ്രവൃത്തി പരിചയം അജയ് ബംഗയ്ക്കുണ്ട്. അമേരിക്കന്‍ റെഡ്‌ക്രോസ്, ക്രാഫ്റ്റ് ഫുഡ്‌സ്, ഡൗ ഇന്‍ക് എന്നിവയുടെ ബോര്‍ഡുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.