'ഫ്ലൈറ്റ്. ബസ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ ഇനി പൈസ നഷ്ടമാകില്ല'; പുതിയ സേവനവുമായി പേടിഎം

ഫ്ലൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ട് അപ്രതീക്ഷിതമായ സംഭവങ്ങൾ കാരണം അവ ക്യാൻസൽ ചെയ്യണ്ട സാഹചര്യങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാകാം. ഇങ്ങനെയുള്ള അവസരങ്ങളിൽ പലപ്പോഴും ടിക്കറ്റ് തുകയുടെ വലിയൊരു ഭാഗം റീഫണ്ട് ആകില്ല. ഇത് ക്യാന്സലേഷൻ ചാർജായി നഷ്ടപ്പെടും. ഇത്തരത്തിൽ ഉപയോക്താക്കൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ പുതിയ സേവനം അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ആപ്പായ പേടിഎം. വൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പേയ്‌മെന്റ് സേവനമായ പേടിഎം, എയർലൈനുകളോ ബസ് ഓപ്പറേറ്റർമാരോ ഈടാക്കുന്ന റദ്ദാക്കൽ നിരക്കുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ഒരു പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ചു. "ക്യാൻസൽ പ്രൊട്ടക്റ്റ്" എന്ന പേരിൽ അറിയപ്പെടുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്രകാരം  ഉപഭോക്താക്കൾക്ക് ഫ്ലൈറ്റ് ടിക്കറ്റിന് 149 രൂപയ്ക്കും ബസ് ടിക്കറ്റുകൾക്ക് 25 രൂപയ്ക്കും റദ്ദാക്കൽ നിരക്കുകളിൽ നിന്ന് രക്ഷ നേടാം. സബ്‌സ്‌ക്രിപ്‌ഷൻ പ്രകാരം, വിമാനങ്ങൾ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് ക്യാൻസൽ ചെയ്യണം. അതുപോലെ ബസ് പുറപ്പെടുന്നതിന് കുറഞ്ഞത്  നാല് മണിക്കൂർ മുൻപും ടിക്കറ്റ് ക്യാൻസൽ ചെയ്യണം. സബ്‌സ്‌ക്രിപ്‌ഷൻ എടുത്തിട്ടുണ്ടെങ്കിൽ പേടിഎം വഴി റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് 100 ശതമാനം റീഫണ്ട്  ലഭിക്കും.  'കാൻസൽ പ്രൊട്ടക്റ്റ്' ഉപയോഗിക്കുന്നവർക്ക് ലഭിക്കുന്ന റീഫണ്ട് തുകയ്ക്ക് പരിധിയില്ലെന്നും ടിക്കറ്റ് റദ്ദാക്കിയാൽ തൽക്ഷണം അക്കൗണ്ടിലേക്ക് മുഴുവൻ പണവും ക്രെഡിറ്റ് ചെയ്യുമെന്നും പേടിഎം അറിയിച്ചിട്ടുണ്ട്. ഇതോടെ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഉണ്ടാകുന്ന ഭീമമായ നഷ്ടത്തിൽ നിന്നും ഉപഭോക്താക്കൾക്ക് രക്ഷപ്പെടാം. പേടിഎം പരിരക്ഷ ഉറപ്പാക്കാൻ സബ്‌സ്‌ക്രിപ്‌ഷൻ എടുത്താൽ മാത്രം മതി.