വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടോ? അവകാശവാദം പൂർണമായി തള്ളാതെ ഇന്ത്യൻ ഇന്റലിജൻസ്

ചെന്നൈ: എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശവാദം ഉന്നയിച്ച പി. നെടുമാരനെ കേന്ദ്ര ഇന്റലിജൻസ് വിഭാഗം ചോദ്യം ചെയ്യും. നെടുമാരന്റെ അവകാശവാദം പൂർണമായും തള്ളിക്കളയാൻ ആകില്ലെന്ന നിലപാടിലാണ് കേന്ദ്ര ഇന്റലിജൻസ് വിഭാഗം. തമിഴ്നാട് ക്യൂ ബ്രാഞ്ചും അന്വേഷണത്തിന്റെ ഭാഗമാകും.തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി നെടുമാരനാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. മുന്‍ കോണ്‍ഗ്രസ് നേതാവായ പി നെടുമാരൻ തിങ്കളാഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്. വേലുപ്പിള്ള പ്രഭാകരന്‍ തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തില്‍ എത്തുമെന്നായിരുന്നു നെടുമാരന്റെ അവകാശ വാദം. തഞ്ചാവൂരില്‍ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പ്രഭാകരനും കുടുംബവുമായി താനും തന്റെ കുടുംബവും ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് നെടുമാരന്‍ പറഞ്ഞത്. പ്രഭാകരന്‍ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ല. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് നിലവിലെ തന്‍റെ വെളിപ്പെടുത്തൽ.  തമിഴ് ഇഴം സംബന്ധിച്ച തന്‍റെ പദ്ധതി തക്ക സമയത്ത് പ്രഭാകരന്‍ വിശദമാക്കുമെന്നും നെടുമാരന്‍ അവകാശപ്പെട്ടു.ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യം പ്രഭാകരന്റെ മടങ്ങിവരവിനുള്ള മികച്ച അവസരമാണെന്ന് നെടുമാരന്‍ പറഞ്ഞു. പ്രഭാകരന്‍ ആരോഗ്യവാനായി ഇരിക്കുന്നു. പ്രഭാകരനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കും. ലോകമെമ്പാടുമുള്ള തമിഴ് മക്കളോട് പിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും നെടുമാരൻ പറഞ്ഞിരുന്നു. 2009  മെയ് 18നാണ് വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കന്‍ സേന ലോകത്തെ അറിയിച്ചത്. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി, മെയ്  19 ന് മൃതദേഹത്തിന്റെ ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചിരുന്നു.