തിരുവനന്തപുരം : ആര്യനാട് വണ്ടയ്ക്കൽ സ്വദേശി സൗന്ദ്രന്റെ മരണം കൊലപാതകമെന്ന് പൊലീസ്. തലയുടെ പിറകിലേറ്റ ശക്തമായ അടിയിലേറ്റ ക്ഷതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ചെത്തിയ മരിച്ച സൗന്ദ്രനെ സഹോദരൻ കുട്ടൻ എന്ന ഗോപു ഇന്നലെ രാത്രി ഒരു മണിയോടെ വടിയുപയോഗിച്ച് തലക്ക് അടിച്ചതായും കണ്ടെത്തി. സൗന്ദ്രന് കുടുംബ സ്വത്ത് ലഭിച്ചിരുന്നില്ല. ഇതിന്റെ പേരിൽ സൗന്ദ്രനും ബന്ധുക്കളും തമ്മിൽ തർക്കം പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മദ്യപിച്ചെത്തി സൗന്ദ്രൻ ബന്ധുക്കളുമായി വഴക്കുണ്ടാക്കുന്നത് പതിവാണ്. ഇന്നലെയും സമാനമായ രീതിയിൽ ഇയാൾ മദ്യപിച്ചെത്തി വഴക്കുണ്ടാക്കി. വഴക്കിനിടെ സഹോദരൻ കുട്ടൻ വടിയുപയോഗിച്ച് സൗന്ദ്രന്റെ തലക്കടിച്ചു. ഈ അടിയാണ് മരണകാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയി. പോസ്റ്റ് മോർട്ടം കഴിഞ്ഞാൽ മാത്രമേ സ്ഥിരീകരണമാകുകയുള്ളു. ഇന്ന് രാവിലെയാണ് 50 വയസ് പ്രായമുള്ള സൗന്ദ്രൻ ആശാരിയെ വീടിന് സമീപത്തെ ഷെഡിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാരായിരുന്നു പൊലീസിനെ വിവരം അറിയിച്ചത്. അനുജനെ കസ്റ്റഡിയിലെടുതത്ത് ചോദ്യംചെയ്തതോടെയാണ് തലക്കടിച്ച വിവരം പുറത്ത് വന്നത്.