അബുദാബി/ദുബായ്• വൃക്ക രോഗിയായ മകൻ ഹാരിനുമായി കേരളത്തിൽ ചികിത്സയ്ക്കു പുറപ്പെട്ടതാണ് കൊട്ടാരക്കര സ്വദേശി പ്രജോ പൊന്നച്ചൻ. വിമാനത്താവളത്തിലെ കാത്തിരിപ്പ് 40 മണിക്കൂറിനോട് അടുക്കുന്നു. 5 ദിവസത്തെ അവധിയാണ് ആകെയുള്ളത്. നാട്ടിലെത്തി മകനെ ഡോക്ടറെ കാണിച്ചു തിരിച്ചു വരണം. അതിൽ 2 ദിവസം എയർ ഇന്ത്യ എക്സ്പ്രസ് കൊണ്ടുപോയി. ഇനിയും പറന്നുയരാത്ത വിമാനവും കാത്ത് ഈ അച്ഛനും മകനും അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ. വെള്ളിയാഴ്ച രാത്രി 9.10ന് പുറപ്പെടേണ്ട വിമാനം ഇന്നലെ പുലർച്ചെ 2.30ന് പുറപ്പെടുമെന്നായിരുന്നു ആദ്യ അറിയിപ്പ്.അതു പിന്നീട് വെളുപ്പിന് നാലായി, 4.45 ആയി. സമയം മാറ്റം സംബന്ധിച്ച അറിയിപ്പുകൾ മുറപോലെ വന്നു. ഒപ്പമുള്ളത് ചികിത്സ അത്യാവശ്യം വേണ്ട മകനാണ്, വൈകുന്ന ഓരോ നിമിഷവും ഈ പിതാവിന്റെ നെഞ്ചിൽ തീയാണ്. പ്രജോയെ പോലെ അത്യാവശ്യ യാത്രക്കാരാണു വിമാനത്താവളത്തിൽ കാത്തുകിടക്കുന്നതിൽ ഭൂരിഭാഗവും. ഇന്നു പുലർച്ചെ യാത്ര തിരിക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. എന്നാൽ, ഇക്കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. പുറപ്പെട്ടാൽ പറയാമെന്നാണ് യാത്രക്കാരുടെ പ്രതികരണം. വീസ കാലാവധി തീർന്നവരും ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളും അടക്കം കുടുങ്ങിയവരിലുണ്ട്.വിമാനത്തിന്റെ വൈകലും മുടങ്ങലും പതിവു കാര്യമായി മാറി. അടുത്തടുത്ത ദിവസങ്ങളിൽ അബുദാബിയിലും ദുബായിലും ഷാർജയിലും വിമാനങ്ങൾ മുടങ്ങി. എല്ലാത്തിനും പ്രതിസ്ഥാനത്ത് എയർ ഇന്ത്യ എക്സ്പ്രസാണ്. അബുദാബിയിൽ നിന്നു വെള്ളിയാഴ്ച രാത്രി 9.10നു പുറപ്പെടേണ്ട വിമാനം വൈകിയതിനു പിന്നാലെ, ഇന്നലെ രാത്രി 9.10നു പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസും വൈകി. വെള്ളിയാഴ്ച പുലർച്ചെ 1.50ന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 1000 അടി ഉയരത്തിൽ വച്ച് എൻജിനിൽ തകരാർ കണ്ടതിനെ തുടർന്നു തിരിച്ചിറക്കിയിരുന്നു.ഈ വിമാനത്തിലെ യാത്രക്കാർ ഇന്നലെ രാവിലെയാണ് കോഴിക്കോട്ടെത്തിയത്. ഈ യാത്രയ്ക്കായി തിരുവനന്തപുരത്തേക്കുള്ള വിമാനം ഉപയോഗിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. നാട്ടിൽനിന്ന് ടെക്നീഷ്യൻമാർ എത്തിയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്തിവരുന്നത്. ഈ നടപടിക്കും കാലതാമസം നേരിടുമ്പോൾ വൈകുന്നത് തുടർക്കഥയാകും. ഒരു ദിവസമൊക്കെ കാത്തിരുന്നു യാത്രക്കാർ മുഷിയുമ്പോൾ ഏതെങ്കിലും സെക്ടറിൽ ഷെഡ്യൂൾ ചെയ്യുന്ന വിമാനം എടുത്ത് പകരം ഓടിക്കും.ഈ സമയം, മറ്റു സെക്ടറിലെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങും. രണ്ടു ദിവസമായി തുടരുന്ന കഥയിലെ സ്ഥിരം രംഗങ്ങളാണിത്. ഏറ്റവും തിരക്കും വരുമാനവുമുള്ളതാണ് ഗൾഫ് സെക്ടർ. ഏതു വിമാനത്തിലും സീറ്റ് നിറയെ യാത്രക്കാരും ഉണ്ടാകും. വരുമാനം ഉണ്ടാക്കുന്ന സെക്ടറാണെങ്കിലും പഴയ വിമാനങ്ങളാണ് ഇന്ത്യൻ കമ്പനികൾ ഗൾഫിലേക്ക് ഇടുന്നത്. യന്ത്രത്തകരാറിലേക്കും യാത്ര മുടങ്ങലിലേക്കും കാര്യങ്ങൾ എത്തിക്കുന്നത് ഇതാണ്. ദേശീയ വിമാന സർവീസ് സ്വകാര്യ മേഖലയ്ക്കു കൈമാറിയപ്പോൾ സേവനം മെച്ചപ്പെടുമെന്ന പ്രവാസികളുടെ പ്രതീക്ഷ മങ്ങിയതായി യാത്രക്കാരൻ കോഴിക്കോട് സ്വദേശി അമാൻ അബ്ബാസ് പറഞ്ഞു. അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ കാർപറ്റിങ് നടക്കുന്നതിനാൽ നിശ്ചിത സമയത്തു മാത്രമേ വിമാനം ലാൻഡ് ചെയ്യാനും ടേക് ഓഫ് ചെയ്യാനും സാധിക്കൂവെന്നും വിമാന സർവീസുകൾ വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സൂചിപ്പിച്ചു.അടിയന്തരമായി നാട്ടിൽ എത്തേണ്ട യാത്രക്കാരെ ലഭ്യമായ വിമാനങ്ങളിൽ കയറ്റിവിടുന്നുണ്ട്. ആവശ്യപ്പെട്ടവർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ അബുദാബിയിൽ കുടുങ്ങിയ മുഴുവൻ യാത്രക്കാരെയും പുലർച്ചെ 1.50നും 4.30നുമുള്ള വിമാനങ്ങളിൽ അയയ്ക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ വിമാന സർവീസുകൾക്കെതിരെ തുടർച്ചയായുണ്ടാകുന്ന പരാതികൾ വിദേശ മാധ്യമങ്ങൾ ആഘോഷിക്കുകയാണ്. പതിവായി വിമാനം മുടങ്ങുന്നത് യന്ത്രത്തകരാർ സംഭവിക്കുന്നതും വ്യാപകമായ വിദ്വേഷ പ്രചാരണത്തിനു കാരണമായിട്ടുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികൾക്കു വൻ തിരിച്ചടിയാകുന്ന പ്രശ്നമായി ഇതു മാറിക്കഴിഞ്ഞു. ഇന്ത്യൻ കമ്പനികളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ പലരും വിദേശ വിമാനങ്ങളിലേക്കു ടിക്കറ്റ് മാറ്റി ബുക്ക് ചെയ്യുകയാണെന്നു ട്രാവൽ ഏജൻസികൾ അറിയിച്ചു.