മധ്യപ്രദേശിൽ മൈനക്കും തത്തയ്ക്കും കല്യാണം, പിന്നാലെ ഘോഷയാത്ര...

മനുഷ്യന്മാരുടെ പോലെ തന്നെ വലിയ ആഘോഷത്തോടെ മൃ​ഗങ്ങളുടെയും പക്ഷികളുടെയും വിവാഹം നടത്തുന്നവർ ഇന്ന് കൂടി വരികയാണ്. അത്തരത്തിൽ വിചിത്രമായ ഒരു വിവാഹം കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ കരേലിയിൽ നടന്നു. ഈ വിവാഹത്തിലെ വധൂവരന്മാർ ഒരു തത്തയും മൈനയുമായിരുന്നു. വളരെ ആഘോഷപൂർവ്വമായി നടന്ന ഈ വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോയും ഒക്കെയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

മധ്യപ്രദേശിലെ കരേലിക്ക് സമീപമുള്ള പിപാരിയ (റക്കായ്) ഗ്രാമത്തിൽ ആണ് ഈ അപൂർവ വിവാഹാഘോഷങ്ങൾ നടന്നത്. ഇരുപക്ഷികളുടെയും ജാതകങ്ങൾ തമ്മിൽ യോജിപ്പിച്ചുകൊണ്ട് പരമ്പരാഗത ഇന്ത്യൻ വിവാഹത്തിൻറെ എല്ലാ ആചാരങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണത്രെ ഈ വിവാഹാഘോഷങ്ങൾ നടത്തിയത്. ഗ്രാമത്തിലെ നിരവധിയാളുകൾ ഈ അപൂർവ്വ മാംഗല്യത്തിന് സാക്ഷികളായി.
പിപാരിയയിൽ താമസിക്കുന്ന രാംസ്വരൂപ് പരിഹാറാണ് മൈനയുടെ ഉടമ. സ്വന്തം മകളെ പോലെയാണ് ഇയാൾ ഈ മൈനയെ പരിചരിച്ചു പോന്നിരുന്നത്. തൻറെ മൈനയ്ക്ക് ഒരു കൂട്ട് വേണം എന്നുള്ള തോന്നൽ ഉണ്ടായതിനെ തുടർന്നാണ് രാംസ്വരൂപ് മൈനയുടെ വിവാഹം നടത്താൻ തീരുമാനിച്ചത്. അങ്ങനെ അദ്ദേഹം മൈനയ്ക്ക് ഒരു വരനെ കണ്ടെത്തി. തന്റെ വീടിനടുത്ത് തന്നെയുള്ള ബാദൽ ലാൽ വിശ്വകർമയുടെ വീട്ടിലെ തത്തയായിരുന്നു അത്. ഇരുവരും തമ്മിൽ പക്ഷികളുടെ വിവാഹം നടത്തുന്നതിനെ കുറിച്ച് ആലോചിച്ചു. രാംസ്വരൂപിന്റെ ആഗ്രഹം കേട്ടപ്പോൾ ബാദൽ ലാലും സമ്മതം മൂളി. അങ്ങനെ ഇരുവരും ചേർന്ന് ഞായറാഴ്ച ഇരുപക്ഷികളുടെയും വിവാഹം വളരെ ആഘോഷപൂർവ്വം നടത്തി. വിവാഹാഘോഷത്തിന് സാക്ഷ്യം വഹിക്കാൻ ഗ്രാമത്തിലെ പ്രധാന വ്യക്തികളെ എല്ലാം ഇവർ ക്ഷണിച്ചിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം വിവാഹത്തിന് എത്തുകയും പക്ഷികളെ അനുഗ്രഹിക്കുകയും ചെയ്തു. വിവാഹശേഷം ഇരുപക്ഷികളെയും വഹിച്ചുകൊണ്ടുള്ള ആഘോഷപൂർവ്വമായ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.

കുട്ടികൾ കളിക്കുന്ന ചെറിയ റിമോട്ട് ടോയ് കാറിന് മുകളിൽ പക്ഷിക്കൂടൊരുക്കിയാണ് ഘോഷയാത്രയിൽ പക്ഷികളെ ഇരുത്തിയത്. ഘോഷയാത്ര കാണാൻ നിരവധി ആളുകളാണ് ഗ്രാമത്തിൽ തടിച്ചുകൂടിയത്. വിവാഹാഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയവർക്കുള്ള സദ്യയും മറ്റു വിവാഹത്തിൻറെ മുഴുവൻ ചടങ്ങുകളും നടന്നത് രാം സ്വരൂപിന്റെ വീട്ടിലായിരുന്നു.