ജനങ്ങളെയെല്ലാം ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകുന്ന ജനകീയ ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമനന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാവരെയും കൂട്ടിച്ചേര്‍ത്തുള്ള വികസന പദ്ധതികളായിരിക്കും പ്രതീക്ഷിക്കുക. താങ്ങാന്‍ കഴിയാത്ത ഭാരം ഒരിക്കലും ഉണ്ടാകില്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.കേരളത്തിന് മുന്നോട്ട് പോകാനുള്ള ബജറ്റാണ്. ചെലവ് ചുരുക്കല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത് ഇടതുനയമല്ല. സംസ്ഥാനങ്ങള്‍ക്കുള്ള കടമെടുപ്പിന് കേന്ദ്ര നിയന്ത്രണമുണ്ട്. കേന്ദ്രത്തിന്റെ നിലപാട് സര്‍ക്കാരിന് മാത്രമല്ല, ജനങ്ങള്‍ക്കും മനസിലാകും. ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. അച്ചടി വകുപ്പ് ഉദ്യോഗസ്ഥര്‍ ധനമന്ത്രിയുടെ വസതിയിലെത്തി ബജറ്റ് കൈമാറി. 15000 കോടിയുടെ വരുമാന വര്‍ധനവാണ് ബഡ്ജറ്റിലൂടെ പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കുക. വിവിധ ഫീസുകളിലും പിഴകളിലും വര്‍ധനവുണ്ടാകാനും സാധ്യതയുണ്ട്. ഭൂമിയുടെ രജിസ്ട്രേഷന്‍ ഫീസ് ഉയര്‍ത്തിയേക്കും. ഇത്തവണത്തെ ബഡ്ജറ്റില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കില്ലെന്നാണ് സൂചന.വ്യവസായ, അടിസ്ഥാനസൗകര്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ ജനക്ഷേമത്തിന് പുതിയ പദ്ധതികളുമുണ്ടാവുമെന്നാണ് പ്രതീക്ഷ. ചെലവു ചുരുക്കലിന്റെ ഭാഗമായി നിയമന നിയന്ത്രണം ഏര്‍പ്പെടുത്തുമോ എന്ന കാര്യത്തിലും ആശങ്ക തുടരുകയാണ്. ഭൂമിയുടെ ന്യായവില പരിഷ്‌കരണം, രജിസ്ട്രേഷന്‍ നിരക്ക് വര്‍ദ്ധന, കെട്ടിട നികുതി, ഭൂനികുതി പരിഷ്‌കരണം, ക്ഷേമപെന്‍ഷനുകളില്‍ നൂറ് രൂപയുടെ വര്‍ദ്ധന, പെന്‍ഷന്‍ കുടിശിക വിതരണം, ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക തീര്‍ക്കല്‍, വന്യജീവി പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ തുക വകയിരുത്തല്‍ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്.