കണ്ണൂര്‍: കാറിന് തീപ്പിടിച്ച് ദമ്പതികള്‍ വെന്തുമരിക്കാനിടയാക്കിയ സംഭവത്തിൽ കാറിൽ 2 കുപ്പികളിൽ പെട്രോൾ സൂക്ഷിച്ചിരുന്നു ഇതാണ് തീ ആളിപ്പടരാൻ കാരണമായത്. എയർ പ്യൂരിഫയറിലേക്കും തീ പടർന്നിരുന്നു. എം.വി.ഡിയും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.കാറിന് തീപ്പിടിക്കാൻ കാരണം ഷോർട് സർക്യൂട്ടെന്ന് കണ്ണൂര്‍ ആർ.ടി.ഒ പറഞ്ഞിരുന്നു. സാനിറ്റൈസറോ സ്‍പ്രേയോ ആവാം തീ ആളിക്കത്താൻ ഇടയാക്കിയതെന്നായിരുന്നു നിഗമനം. വിശദമായ പരിശോധനയിലാണ് പെട്രോൾ സൂക്ഷിച്ചതാണ് തീ ആളിക്കത്താൻ ഇടയാക്കിയതെന്ന് കണ്ടെത്തിയത്. സ്ത്രീക്ക് പ്രസവ വേദന വന്നതുകൊണ്ട് പുക ഉയരുന്നത് വാഹനത്തിലുള്ളവർ ഗൗനിച്ചിട്ടുണ്ടാവില്ലെന്നും ആര്‍.ടി.ഒ പറഞ്ഞു."സ്പാര്‍ക്ക് മൂലം ചെറിയ പുകയോ മണമോ കാറിലുള്ളവര്‍ക്ക് കിട്ടിയിട്ടുണ്ടാവും. സ്ത്രീക്ക് പ്രസവ വേദന വന്നതുകൊണ്ട് എത്രയും പെട്ടെന്ന് ആശുപത്രിയിലെത്താന്‍ അവരതൊന്നും ഗൗനിക്കാതെ പോയതാവാം. മുന്‍പിലിരുന്ന രണ്ടു പേരുടെയും സീറ്റ് ബെല്‍റ്റ് അതുപോലെതന്നെയുണ്ട്. പെര്‍ഫ്യൂമോ സാനിറ്റൈസറോ കാറിലുണ്ടായിരുന്നിരിക്കാം. ഇതാവാം തീ ആളിക്കത്താന്‍ കാരണം. കാറില്‍ അഡിഷണല്‍ ഫിറ്റിങ്സുണ്ട്. അതിനെക്കുറിച്ചും പരിശോധിക്കുന്നുണ്ട്"- എന്നാണ് ആര്‍.ടി.ഒ പറഞ്ഞത്.കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചാണ് ഗർഭിണിയും ഭർത്താവും മരിച്ചത്. കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ, ഭർത്താവ് പ്രജിത്ത് എന്നിവരാണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന ഇവരുടെ മകൾ അടക്കം നാല് പേരെ രക്ഷപ്പെടുത്തി.ഇന്നലെ രാവിലെ 10.38ന് കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. പൂർണ ഗർഭിണിയായ റീഷയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം. ആശുപത്രിയിൽ എത്താൻ 50 മീറ്റർ മാത്രം ശേഷിക്കെ കാറിൽ നിന്ന് പുക ഉയർന്നു. വാഹനം നിർത്തിയ പ്രജിത്ത് കാറിൽ ഉള്ളവരോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. പിൻസീറ്റിലുണ്ടായിരുന്ന ഇവരുടെ മകൾ ശ്രീ പാർവതി, റീഷയുടെ പിതാവ് വിശ്വനാഥൻ, മാതാവ് ശോഭന, സഹോദരി സജിന എന്നിവർ പുറത്തിറങ്ങി. എന്നാൽ മുൻസീറ്റിൽ യാത്ര ചെയ്ത പ്രജിത്തിനും ഭാര്യ റീഷയ്ക്കും രക്ഷപ്പെടാനായില്ല. മുൻ വാതിൽ തുറക്കാൻ കഴിയാതിരുന്നതിനാൽ ഇരുവരും വാഹനത്തിനുള്ളിൽ പെട്ടു. പിന്നാലെ കാർ പൂർണമായും അഗ്നിക്കിരയാവുകയായിരുന്നു. സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് തീ അണച്ച ശേഷം വാതിൽ വെട്ടിപ്പൊളിച്ചാണ് പ്രജിത്തിനെയും റീഷയെയും പുറത്തെടുത്തത്.