തിരുവനന്തപുരം • അതിരാവിലെ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കു ട്രെയിൻ സർവീസിനു സമാന്തരമായി കെഎസ്ആർടിസി ആരംഭിച്ച ജനശതാബ്ദി സർവീസിലേക്ക് ഒരു ബസ് കൂടി ഉൾപ്പെടുത്തി. എൻഡ് ടു എൻഡ് സർവീസ് ഉൾപ്പെടെ മറ്റു നാലു പുതിയ സർവീസുകളും തുടങ്ങി.‘കെഎസ്ആർടിസി ജനശതാബ്ദി’ എന്ന പേരിട്ടു തുടങ്ങിയ സർവീസിന് 100 ദിവസം പിന്നിടുമ്പോഴാണ് ഒരു ബസ് കൂടി അനുവദിച്ചത്. നിലവിലുള്ള സർവീസ് രാവിലെ 5.10ന് തിരുവനന്തപുരത്തു നിന്നു തിരിച്ചു 09.40ന് എറണാകുളം എത്തുന്നവിധമാണു ക്രമികരിച്ചിട്ടുള്ളതെങ്കിലും9.20നു മുൻപേ എത്തിച്ചേരുന്നുണ്ടെന്നു കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ഈ സർവീസ് ഹൈക്കോടതി വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. വൈകിട്ടു തിരുവനന്തപുരത്തു നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കാണു പുതിയ ജനശതാബ്ദി സർവീസ്. വൈകിട്ട് 5.10 നു തമ്പാനുരിൽ നിന്നു തിരിച്ചു രാത്രി 10.40നു നെടുമ്പാശേരിയിലെത്തും.ബസിന് കൊല്ലം അയത്തിൽ, ആലപ്പുഴ കൊമ്മാടി , വെറ്റില, ആലുവ, അത്താണി എന്നിവിടങ്ങളിൽ മാത്രമാണു സ്റ്റോപ്. കണ്ടക്ടർ ഇല്ലാത്ത ഈ ബസിൽ ഡ്രൈവർ തന്നെ ടിക്കറ്റ് നൽകും ഓൺ ലൈൻ ആയും ടിക്കറ്റ് എടുക്കാം.പുഷ് ബാക്ക് സീറ്റുള്ള ലോ ഫ്ലോർ എസി ബസുകളാണ് എല്ലാം.നെടുമ്പാശേരിയിൽ നിന്നു തിരികെ രാവിലെ 4.30 തിരിക്കുന്ന ബസ് പത്തിനു തിരുവനന്തപുരത്ത് എത്തും. എൻഡ് ടു എൻഡ് സർവീസിൽ ഉൾപ്പെടുത്തി എല്ലാ അവധി ദിവസങ്ങളിലും തിരുവനന്തപുരം - വണ്ടർലാ സർവീസ് തുടങ്ങി. രാവിലെ 5 ന് തിരിച്ച് 10. 30 നു വണ്ടർലായിൽ എത്തും. അവിടെ നിന്നു വൈകിട്ട് 05.10 നു തിരിച്ചു 10.40 നു തിരുവനന്തപുരത്ത് എത്തും.
മറ്റു സർവീസുകൾ :
തിരുവനന്തപുരം പാലക്കാട്: രാത്രി 7.30നു തിരുവനന്തപുരം –കോട്ടയം വഴി രാവിലെ 5ന് പാലക്കാട് എത്തും. തിരികെ ഉച്ചയ്ക്ക് 1ന് തിരിച്ചു രാത്രി 10.40ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം –കണ്ണൂർ: രാത്രി 7നു തിരുവനന്തപുരത്തു നിന്നു കോട്ടയം ,തൃശൂർ വഴി കണ്ണൂരിൽ രാവിലെ 7ന് എത്തും. തിരികെ വൈകിട്ട് അഞ്ചിനു തിരിച്ച് പുലർച്ചെ നാലിനു തിരുവനന്തപുരത്ത്.
തിരുവനന്തപുരം –മൂന്നാർ: രാത്രി 10.15ന് തിരിച്ച് കൊല്ലം ,ആലപ്പുഴ വൈറ്റില പെരുമ്പാവൂർ വഴി രാവിലെ ഏഴിനു മൂന്നാറിലെത്തും. തിരികെ രാത്രി ഏഴിനു തിരിച്ച് പുലർച്ചെ 4.30ന് തിരുവനന്തപുരത്ത്. തിരുവനന്തപുരം –ഗുരുവായൂർ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നു രാത്രി 9.30നു തിരിച്ച് രാവിലെ 5 ന് ഗുരുവായൂരെത്തും. തിരികെ ഉച്ചയ്ക്ക് 2നു തിരിച്ച് 10.50നു തിരുവനന്തപുരത്തെത്തും.