മധുവിന് നീതി തേടി പോരാട്ടം തുടങ്ങിയിട്ട് അഞ്ചാണ്ട്; കാത്തിരിപ്പിൽ കുടുംബം

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടി മധുവിന്റെ ഓര്‍മകള്‍ക്ക് അഞ്ച് വയസ്. നിരവധി പ്രതിസന്ധികള്‍ക്ക് ശേഷം മധു വധക്കേസില്‍ മണ്ണാര്‍ക്കാട് കോടതിയില്‍ അന്തിമവാദം തുടങ്ങിയെന്നതാണ് ആശ്വാസം നല്‍കുന്ന ഘടകം. മധുവിന് നീതി കിട്ടുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി കുടുംബം.20l8 ഫെബ്രുവരി 22 നാണ് മോഷണകുറ്റം ആരോപിച്ച് ആള്‍ക്കൂട്ട മർദനത്തിൽ ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവായ മധു കൊല്ലപ്പെടുന്നത്. പതിനാറുപേരെ ‌പ്രതി ചേർത്ത് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. വിചാരണ വൈകുന്നതിന് പിന്നാലെ പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി. കൊലയുണ്ടായി ഒന്നരവര്‍ഷത്തിന് ശേഷമാണ് വി.ടി.രഘുനാഥിനെ സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് അദ്ദേഹം കോടതിയിലെത്തിയില്ല. തുടർന്ന് ഹൈക്കോടതി അഭിഭാഷകനായ സി രാജേന്ദ്രനെ നിയമിച്ചെങ്കിലും സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതോടെ മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം രാജേഷ് എം മേനോൻ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റു. പിന്നാലെയാണ് കോടതി നടപടികള്‍ക്ക് വേഗതയുണ്ടായത്.മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷമാകുമ്പോള്‍ നീതിദേവത കണ്ണടയ്ക്കില്ലെന്ന് കുടുംബം. മകന് നീതി കിട്ടുമെന്ന് അമ്മ മല്ലിയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി സഹോദരി സരസുവും. ഒരാഴ്ചയ്ക്കുള്ളില്‍ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയില്‍ വാദം പൂര്‍ത്തിയാകും. അടുത്തമാസം പകുതിയോടെ കേസില്‍ ശിക്ഷാവിധിയുണ്ടാകുമെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍.