പ്രണയദിനത്തിൽ പശുവിനെ പുണരേണ്ട; കൗ ഹഗ് ഡേ തീരുമാനം പിൻവലിച്ചു

പ്രണയദിനം ‘പശു ആലിംഗന ദിന’മായി (കൗ ഹഗ് ഡേ) ആചരിക്കാനുള്ള തീരുമാനം കേന്ദ്ര മൃഗസംരക്ഷണ ബോർഡ് പിൻവലിച്ചു. ഫെബ്രുവരി 14ന് ‘പശു ആലിംഗനദിന’ മായി ആചരിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഹ്വാനം പിൻവലിക്കാൻ തീരുമാനിച്ചത്.
മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നു വിശദീകരിച്ചാണ് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’യായി ആചരിക്കാൻ നിർദ്ദേശിച്ചത്. ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് അറിയിച്ചിരുന്നു. കൗ ഹഗ് ഡേ ആചരിക്കാനായി പുറത്തിറക്കിയ സർക്കുലറിൽ, പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് കുറ്റപ്പെടുത്തി.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം മൃഗസംരക്ഷണ ബോർഡ് നടത്തിയത്. ഇതു സംബന്ധിച്ച സർക്കുലർ ഫെബ്രുവരി ആറിന് പുറത്തിറങ്ങിയിരുന്നു.