യൂത്ത് കോൺഗ്രസ് പഴയകുന്നുമ്മേൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നേരിടുന്ന കേസിൽ നഷ്ടപരിഹാര തുക ഈടാക്കുന്നതിന് വേണ്ടി പഞ്ചായത്ത് കെട്ടിടം ജപ്തി ചെയ്യുന്നതിന് വിധി ഉണ്ടായ സാഹചര്യത്തിലും, തുക കോടതിയിൽ കെട്ടിവെക്കുന്നതിനായി പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും പണം കണ്ടെത്തിയ ഭരണസമിതിക്കെതിരായും , നഷ്ടപരിഹാരം നൽകേണ്ട സാഹചര്യം ഒരുക്കിയ മുൻ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും,കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ജില്ലാ പഞ്ചായത്തംഗം അനുവദിച്ച ആധുനിക ടർഫും കോ വർക്കിംഗ് സ്പേസുമടക്കം 70 ലക്ഷം രൂപയുടെ പദ്ധതികൾ അട്ടിമറിച്ച സിപിഐഎം വികസനവിരുദ്ധ ഗൂഢാലോചനക്കെതിരായും പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലേക്ക് യൂത്ത് കോൺഗ്രസിന്റെ യുവജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ അധ്യക്ഷത വഹിച്ച യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ രാജൻ ഉദ്ഘാടനം ചെയ്തു. സിപിഎമ്മും ഭരണസമിതിയും ഭൂമാഫിയയും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഈ ജപ്തി നടപടി എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് സ്ഥലം അനുവദിക്കാൻ സിപിഎം ഏരിയ സെക്രട്ടറിയുടെ അനുമതി വാങ്ങേണ്ട ഗതികേട് കോൺഗ്രസ് ജനപ്രതികൾക്കില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വൈശാഖ്.വി.ബി സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ഗംഗാധരതിലകൻ, ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ, കോൺഗ്രസ് പാർട്ടി പാർലമെന്ററി നേതാവ് ചെറുനാരകംകോട് ജോണി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അടയമൺ.എസ്.മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ.സജികുമാർ, ബെൻഷാ ബഷീർ, പഞ്ചായത്ത് അംഗങ്ങളായ എസ്.ശ്രീലത, ഷീജ.സുബൈർ, എം.ജെ.ഷൈജ യൂത്ത് കോൺഗ്രസ് നേതാക്കളായ സുജിത്ത്.വി.എസ്,അനസ്.എസ്,ഷിജാസ്.എൻ,അഷ്‌കർ.എം.റ്റി, അരുൺ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.