ഇന്ന് ചാക്കോച്ചന്‍ നയിക്കും; സിസിഎല്ലില്‍ ആദ്യ വിജയം തേടി ഇന്ന് കേരള സ്ട്രൈക്കേഴ്സ്

സിസിഎല്ലിന്‍റെ പുതിയ സീസണില്‍ ആദ്യ വിജയം തേടി കേരള സ്ട്രൈക്കേഴ്സ് ഇന്ന് കളത്തില്‍ ഇറങ്ങും. കര്‍ണാടക ബുള്‍ഡോസേഴ്സുമായുള്ള കേരളത്തിന്‍റെ മത്സരം ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന് ജയ്പൂരില്‍ വച്ചാണ് നടക്കുക. കഴിഞ്ഞ ഞായറാഴ്ച (19) നടന്ന, ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേഴ്സിനോട് വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു കേരളം. അതേസമയം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ ടീമുമായി ചേര്‍ന്നതിന്‍റെ ആവേശത്തിലാണ് സ്ട്രൈക്കേഴ്സ് സംഘം.കേരള സ്ട്രൈക്കേഴ്സിന്‍റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറുമായ കുഞ്ചാക്കോ ബോബന്‍ തെലുങ്ക് വാരിയേഴ്സുമായുള്ള ആദ്യ മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല. പകരം സ്റ്റാന്‍ഡിംഗ് ക്യാപ്റ്റനായി ഉണ്ണി മുകുന്ദനാണ് ടീമിനെ നയിച്ചത്. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഉണ്ണി മുകുന്ദനും സംഘത്തിനും മുന്നില്‍ ബാറ്റിംഗ് വെടിക്കെട്ട് ആയിരുന്നു ക്യാപ്റ്റന്‍ അഖില്‍ അക്കിനേനിയുടെ നേതൃത്വത്തില്‍ തെലുങ്ക് താരങ്ങള്‍ തീര്‍ത്തത്. അതേസമയം രാജീവ് പിള്ള ഒഴികെയുള്ള കേരള താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ വിയര്‍ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ തവണ കണ്ടത്. ആദ്യ മത്സരത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ചാക്കോച്ചന്‍ നായക സ്ഥാനത്തേക്ക് എത്തുന്ന രണ്ടാം മത്സരത്തില്‍ സി3 കേരള സ്ട്രൈക്കേഴ്സ് ടീമിന് കഴിയുമോ എന്നാണ് ടീമിന്‍റെ ആരാധകര്‍ ഉറ്റുനോക്കുന്നത്.