ആസാദി കാ അമൃത് മഹോത്സവ്: പൊതുജന സമ്പര്‍ക്ക പരിപാടിക്ക് തുടക്കം

പ്രദര്‍ശനമേളയും പൊതുസമ്പര്‍ക്ക പരിപാടിയും മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യുണിക്കേഷന്‍ തിരുവനന്തപുരം മേഖലാ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന, പൊതുസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. ഫെബ്രുവരി 06 മുതല്‍ 10 വരെ നെടുമങ്ങാട് ടൗണ്‍ ഹാളില്‍ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. കുട്ടികളില്‍ സ്വാതന്ത്ര്യ സമര ചരിത്രങ്ങളെപ്പറ്റിയുള്ള അറിവ് കൂട്ടാന്‍ മേള സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മേളയിലെ ഓരോ സ്റ്റാളും ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. ഇരുപത് വര്‍ഷത്തെ കുടുംബശ്രീ പ്രവര്‍ത്തനം നാടിനുണ്ടാക്കിയ മുന്നേറ്റം വളരെ വലുതാണെന്നും കേരളം ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ് കുടുംബശ്രീയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

 അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള ശില്പശാലകള്‍, സെമിനാറുകള്‍, ക്ലാസ്സുകള്‍, ആസാദി കാ അമൃത മഹോത്സവ് പ്രദര്‍ശനം, മത്സരങ്ങള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, വി.എസ്.എസ്.സി, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്, നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍, സി.എം.എല്‍.ആര്‍.ഐ. അനര്‍ട്ട്, അഗ്രോ ഇന്‍ഡസ്ട്രീസ്, ദൂരദര്‍ശന്‍, ആകാശവാണി, ഫയര്‍ ആന്റ് റെസ്‌ക്യു, ജില്ലാ ശുചിത്വ മിഷന്‍, കാര്‍ഷിക സര്‍വ്വകലാശാല, നാഷണല്‍ ആയുഷ് മിഷന്‍, ഹോമിയോ, കുടുംബശ്രീ, ഐ.സി.ഡി.എസ്, വനിതാ സംരക്ഷണം, പോസ്റ്റല്‍, എക്‌സൈസ്, മില്‍മ, ബി.എസ്.എന്‍.എല്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സൗജന്യ ആയുര്‍വേദ, ഹോമിയോ, പ്രകൃതി, സിദ്ധ മെഡിക്കല്‍ ക്യാമ്പും ഔഷധ വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. നെടുമങ്ങാട് മുനിസിപ്പാലിറ്റി, കുടുംബശ്രീ ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസ് ഐ.സി.ഡി.എസ്, നെടുമങ്ങാട് അഡിഷണല്‍ പ്രോജക്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. 

ഉദ്ഘാടന സമ്മേളനത്തില്‍ നെടുമങ്ങാട് നഗരസഭ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.എസ്. ശ്രീജ, വൈസ് ചെയര്‍മാന്‍ എസ്. രവീന്ദ്രന്‍, മറ്റ് നഗരസഭാ ജനപ്രതിനിധികള്‍, പി.ഐ.ബി. ആന്റ് സി.ബി.സി. അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിചാമി, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.