നടൻ്റെ പ്രണയം നിരസിച്ചു, അയാളിൽ നിന്ന് രക്ഷപ്പെടാൻ പൊലീസ് സംരക്ഷണം തേടി’; തുറന്നു പറഞ്ഞ് അഞ്ജലി നായർ

പ്രണയഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തമിഴ് നടനിൽ നിന്ന് അനുഭവിക്കേണ്ടിവന്ന ഉപദ്രവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അഞ്ജലി നായർ. തന്റെ ആദ്യ തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ കാര്യങ്ങളാണ് താരം തുറന്നു പറഞ്ഞത്. നടന്റെ ഉപദ്രവത്തിനെ തുടർന്ന് മൂന്നു വർഷത്തോളം താൻ ചെന്നൈയിലേക്ക് പോയില്ലെന്നും ഒരു ചാനൽ പരിപാടിയിൽ അഞ്ജലി പറയുന്നു. 

എന്‍റെ ആദ്യ തമിഴ് സിനിമയിലെ വില്ലനാണ് എന്നോട് പ്രണയാഭ്യര്‍ത്ഥ നടത്തിയത്. അന്ന് അത് വലിയ വിവാദമായിരുന്നു. ആ ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാവ് കൂടിയായിരുന്നു അയാള്‍. അതിനാല്‍ തന്നെ ഷൂട്ട് ഇല്ലെങ്കിലും സെറ്റില്‍ കയറി ഇറങ്ങാന്‍ അയാള്‍ക്ക് അനുവാദം ഉണ്ടായിരുന്നു. എന്‍റെ ചേച്ചി തമിഴ്നാട്ടിലാണ് കല്ല്യാണം കഴിച്ചത്. അതിനാല്‍ അയാള്‍ പ്രണയാഭ്യര്‍ത്ഥ നടത്തിയപ്പോള്‍ അത് ഞാന്‍ സ്വീകരിക്കും എന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ എനിക്ക് കേരളവും മലയാളവുമാണ് ഇഷ്ടം. അതോടെ അയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങി.- അഞ്ജലി നായർ പറഞ്ഞു.

അയാൾ തന്നെ പിന്തുടരാന്‍ തുടങ്ങിയെന്നും ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ പോലും ശ്രമിച്ചെന്നും അഞ്ജലി പറഞ്ഞു. ഒരിക്കല്‍ അയാള്‍ എന്‍റെ ബാഗ് എടുത്ത് ഓടി. ബാഗ് ലഭിക്കാന്‍ വീട്ടില്‍ വരണമെന്നും അയാള്‍ സിംഗപ്പൂര്‍ പോയെന്നും അയാളുടെ അനിയത്തി പറഞ്ഞു. എന്നാല്‍ അത് ഒരു ട്രാപ്പായിരുന്നു. ബാഗ് നല്‍കാനെന്ന് പറഞ്ഞ് വിളിച്ച് ഒരു റൂമില്‍ അടച്ചു. അവിടെ അയാള്‍ ഉണ്ടായിരുന്നു. അവന്‍ വടിയും കത്തിയും ഒക്കെ എടുത്ത് പേടിപ്പിച്ചു. അന്ന് അമ്മയെ വിളിച്ചാണ് രക്ഷപ്പെട്ടത്. അയാളില്‍ നിന്നും രക്ഷപ്പെടാന്‍ ഒടുവില്‍ പൊലീസ് സംരക്ഷണം വരെ തേടേണ്ടിവന്നു എന്നും അഞ്ജലി കൂട്ടിച്ചേർത്തു.  

പൊലീസുകാരുടെ ഉപദേശത്തെ തുടർന്നാണ് കേരളത്തിലേക്ക് വരുന്നത്. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ചെന്നൈയിലേക്ക് പോയതെന്നും അഞ്ജലി പറഞ്ഞു. തമിഴില്‍ തന്‍റെ പേര് ഭാഗ്യാഞ്ജലി എന്നായിരുന്നുവെന്നും എന്നാൽ തനിക്ക് ഒട്ടും ഭാ​ഗ്യമില്ലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. കാരക്റ്റർ റോളുകളിലൂടെ ശ്രദ്ധേയയായ നടിയാണ് അഞ്ജലി. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം സജീവമാണ്.